പുതിയ വോട്ടിങ് യന്ത്രത്തിന്റെ സാങ്കേതിക പ്രദര്‍ശനത്തിനായി രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.
റിമോട്ട് വോട്ടിങ് രീതിയെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ കുടിയേറിയ തൊഴിലാളികള്‍ക്ക് വോട്ട് രേഖപ്പെടുത്താനാകുന്ന സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ സിപിഐ അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രായോഗികമായും നിയമപരമായും റിമോട്ട് വോട്ടിങ് രീതി നടപ്പാക്കുന്നതിലെ വെല്ലുവിളികള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ടെക്നിക്കല്‍ ടീമും യോഗത്തില്‍ പങ്കെടുക്കും. കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സൂചനയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
ജമ്മു കശ്മീരിലെ അന്തിമ വോട്ടര്‍ പട്ടിക കഴിഞ്ഞ വര്‍ഷം നവംബര്‍ 25 ന് പ്രസിദ്ധീകരിച്ചിരുന്നു. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വോട്ടർപട്ടിക പുതുക്കൽ നടത്തിയത്. അതിർത്തി പുനര്‍നിർണയത്തെത്തുടർന്ന് നിയമസഭാ സീറ്റുകളുടെ എണ്ണം 83ൽ നിന്ന് 90 ആയി ഉയർന്നു. 2018ൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിന് ബിജെപി പിന്തുണ പിൻവലിച്ചതിന് ശേഷം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
English Summary: Voting machine technical exhibition tomorrow
You may also like this video