Site icon Janayugom Online

വോട്ടിങ് യന്ത്രം: നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമോ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയപ്പട്ടിക വിശദീകരിക്കുന്നതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) രാജീവ് കുമാർ ഇലക്ട്രോണിക് വോട്ടിങ് മെഷിനു(ഇവിഎം)മായി ബന്ധപ്പെട്ടുള്ള ആശങ്കകളെ വീണ്ടും അവഗണിച്ചു. “സ്വയം വിശ്വാസ്യത തെളിയിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഇവിഎമ്മില്‍ പിഴവ് ആരോപിക്കുന്നു“വെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പരിഹസിച്ചു. യന്ത്രങ്ങൾ വോട്ടെടുപ്പ് പ്രക്രിയയെ മികച്ചതും കുറ്റമറ്റതുമാക്കിയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. യന്ത്രങ്ങളുടെ ആധികാരികത കോടതികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. പക്ഷെ ഇത് തികച്ചും തെറ്റാണ്. തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും കുറിച്ചുള്ള മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ അജ്ഞതയാണ് ഓരോ മറുപടിയും തുറന്നുകാട്ടിയത്. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർ മാത്രമാണ് ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം, തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും വേണ്ടി മാത്രമെന്ന ധാരണയില്‍ നിന്നാണ്. ഇതൊരു ഭീമന്‍ അബദ്ധമാണ്.

ജനാധിപത്യത്തിൽ പരമാധികാരം പൗരന്മാർക്കാണെന്നും തങ്ങളുടെ പരമാധികാരം അഞ്ച് വർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പിലൂടെ തന്റെ പ്രതിനിധിക്ക് കൈമാറുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയണം. ഈ പ്രക്രിയയില്‍ തെരഞ്ഞെടുപ്പും വോട്ടിങ് സമ്പ്രദായവും ചില “ജനാധിപത്യ തത്വങ്ങൾ” പാലിക്കേണ്ടതുണ്ട്. തങ്ങളുടെ വോട്ട് കൃത്യമായി രേഖപ്പെടുത്തുകയും എണ്ണുകയും ചെയ്തുവെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെടണം. ഇതിനു കഴിയുന്ന തരത്തിൽ വോട്ടിങ് പ്രക്രിയ സുതാര്യമായിരിക്കണം. വോട്ടെടുപ്പും എണ്ണൽ പ്രക്രിയയും പൊതുവായി തിട്ടപ്പെടുത്താന്‍ കഴിയണം. സാധാരണ പൗരന്മാർക്ക് വോട്ടിങ് പ്രക്രിയയിലെ അവശ്യ ഘട്ടങ്ങൾ പരിശോധിക്കാൻ കഴിയണം. തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവും ആയിരിക്കണം. മുഴുവൻ വോട്ടിങ് പ്രക്രിയയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പൂർണ നിയന്ത്രണത്തിലായിരിക്കണം. പൊതുജനങ്ങൾക്ക് തങ്ങള്‍ ചെയ്ത വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴുള്ള പൊരുത്തം പരിശോധിക്കാൻ കഴിയണം.


ഇതുകൂടി വായിക്കൂ:വോട്ടിനൊരുങ്ങുമ്പോഴുള്ള ആശങ്കകള്‍


ഇലക്ട്രോണിക് പ്രക്രിയകളും സാങ്കേതിക സമ്പ്രദായങ്ങളും പൊതു പരിശോധനയ്ക്ക് വിധേയമായിരിക്കണം. തന്റെ വോട്ട് ഉദ്ദേശിച്ച രീതിയിൽ രേഖപ്പെടുത്തി എന്ന ബോധ്യം വോട്ടർക്ക് കൈവരിക്കാനുമാകണം. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുടെ പ്രവർത്തനം അവലോകനം ചെയ്ത വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വായിച്ചിട്ടുണ്ടാകുമോ? വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സൗകര്യമൊരുക്കുന്നതിലും അതനുസരിച്ചുള്ള ക്രമം വോട്ടിൽ പ്രതിഫലിക്കുന്നതിലും എണ്ണം ഉറപ്പാക്കുന്നതിലും തികഞ്ഞ സുതാര്യത വേണമെന്ന് റിപ്പോര്‍ട്ട് ഊന്നിപ്പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തെറ്റിദ്ധരിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന യാതൊരു സാഹചര്യവും ഉണ്ടാകരുത്. വിദഗ്ധസംഘം ദേശീയ അന്തർദേശീയ തലങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളെയും ആശ്രയിച്ചിരുന്നു. ഏറ്റവും വികസിത രാജ്യങ്ങൾ പോലും വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് താല്പര്യപ്പെടുന്നില്ല എന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും നിരത്തിയിരുന്നു. ഈ വിഷയത്തിലെ ഏറ്റവും മികച്ച മസ്തിഷ്കങ്ങളുടെ പഠനങ്ങളായിരുന്നു സമര്‍പ്പിച്ചത്. റിപ്പോർട്ടിലെ നിഗമനങ്ങൾ ഇങ്ങനെയാണ്: ആദ്യന്തം (എന്റ്-ടു-എന്റ്) ശരിയാണെന്നോ നേരാണെന്നോ തെളിയിക്കാനാകണം. നിലവിലെ ഇവിഎം/വിവിപാറ്റ് സംവിധാനം അങ്ങനെ പരിശോധിക്കാനാകുന്നതല്ല, അതിനാൽ ജനാധിപത്യ തെരഞ്ഞെടുപ്പിന് യോഗ്യമല്ല. ഇവിഎം ഹാക്ക് ചെയ്യപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും അത് ഹാക്ക് ചെയ്യാൻ കഴിയില്ല എന്നതിന് യാതൊരു ഉറപ്പും നൽകാനുമാകില്ല. അതിനാൽ, ഇവിഎമ്മുകളിൽ കൃത്രിമം നടന്നേക്കാമെന്ന് കരുതി വേണം തെരഞ്ഞെടുപ്പ് നടത്തേണ്ടത്.

തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സത്യസന്ധതയും വിശ്വസനീയമായ സ്ഥിരീകരണവും ഉറപ്പാക്കാൻ പൊതുസമൂഹവും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടുന്നതിനെക്കാൾ (യഥാക്രമം 30ശതമാനവും 50ശ­ത­മാനവും)കൂടുതൽ ഇവിഎമ്മുകൾ പരീക്ഷിക്കണം. ഫലപ്രഖ്യാപനത്തിന് മുമ്പ് ഇലക്ട്രോണിക് വോട്ടെണ്ണലിന്റെ കർശനമായ പ്രീ-ഓഡിറ്റ് ഉണ്ടായിരിക്കണം. വിജയത്തിന്റെ ഭൂരിപക്ഷം അനുസരിച്ച് വിവിപാറ്റ് സ്ലിപ്പുകള്‍ പൂർണമായും യന്ത്രത്തിലല്ലാതെ എണ്ണിത്തിട്ടപ്പെടുത്തണം. ഇലക്ട്രോണിക് വോട്ടിങ് സംവിധാനം പരിശോധിക്കാവുന്നതോ ഓഡിറ്റ് ചെയ്യാൻ കഴിയുന്നതോ ആയ സോഫ്റ്റ്‌വേറും ഹാർഡ്‌വേറും സ്വതന്ത്രമായി പുനർരൂപകല്പന ചെയ്യണം. 2009ല്‍ ഡൽഹി ഹൈക്കോടതിയില്‍ ബിജെപിയുടെ ഡോ. സുബ്രഹ്മണ്യൻ സ്വാമിയാണ് ഇവിഎമ്മുകളുടെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. “ഇവിഎമ്മുകൾ തട്ടിപ്പിന് ഇരയാകുമെന്നത് തള്ളിക്കളയാൻ പറ്റാത്തിടത്തോളം സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാകാ”മെന്ന് കോടതി ചൂണ്ടിക്കാട്ടി. 2013 ഒക്ടോബർ എട്ടിന് ഇവിഎമ്മുകളുടെ സമഗ്രതയില്‍ സംശയങ്ങൾ സ്ഥിരീകരിച്ച കോടതി, ജനാധിപത്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഘട്ടംഘട്ടമായി വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപിഎടി) സംവിധാനം ഉള്‍പ്പെടെ നിർബന്ധമാക്കി. “പേപ്പർ ട്രയൽ ഏർപ്പെടുത്തിയാൽ മാത്രമേ വോട്ടർമാർക്ക് ഇവിഎമ്മില്‍ വിശ്വാസം കൈവരിക്കാനാകൂ. വിവിപാറ്റ് സംവിധാനമുള്ള ഇവിഎമ്മുകൾ വോട്ടിങ് സംവിധാനത്തിന്റെ കൃത്യത ഉറപ്പാക്കുന്നു. പൂർണമായ സുതാര്യതയും വോട്ടർമാരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഉദ്ദേശ്യത്തോടെ, വിവിപാറ്റ് സംവിധാനമുള്ള ഇവിഎമ്മുകൾ സ്ഥാപിക്കേണ്ടത് ആവശ്യമാണ്, കാരണം വോട്ട് ജനാധിപത്യ സംവിധാനത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ഘടകമാണ്”.


ഇതുകൂടി വായിക്കൂ:രാഷ്ട്രീയ അധികാരം വിലയ്ക്കെടുക്കാന്‍ അനുവദിച്ചുകൂടാ


അസന്ദിഗ്ധമായി കോടതി നിര്‍ദേശിച്ച വിവിപാറ്റ് സംവിധാനം അർത്ഥശൂന്യമായ ഒരു ചലച്ചിത്രമായി രൂപാന്തരപ്പെട്ടു എന്നത് ജനാധിപത്യത്തിന്റെ ദുരന്തം! പരിശോധനയ്ക്ക് സൗകര്യമുള്ള ഇവിഎമ്മുകളുടെ എണ്ണം വർധിപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം 5–6 ദിവസം വൈകാമെന്ന ന്യായത്തോടെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് പോളിങ് സ്റ്റേഷനുകളിൽ മാത്രം വിവിപാറ്റുകൾ എണ്ണാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തു. രാജ്യത്തുടനീളം 30ശതമാനം വിവിപാറ്റ് എണ്ണുന്നതിനുള്ള ഹര്‍ജിയെ കമ്മിഷന്‍ എതിര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്നതും നിയമിക്കുന്നതും ഭരണകൂട ഇച്ഛയിലാണ്. ഇത്തരം സമീപനം പൊതുജനങ്ങളിൽ നിന്നും കമ്മിഷനെ അകറ്റുന്നു. കമ്മിഷന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നു. ജനവിധി ഭരണകൂടത്തിന് അനുകൂലമാക്കാന്‍ വോട്ടുകള്‍ ഒരിടത്തേക്ക് ഒഴുകിയിറങ്ങാന്‍ ഉതകുന്ന അവസ്ഥയിലേക്ക് ഇവിഎം വഴിയൊരുക്കുന്നുണ്ടോ? സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന ജനങ്ങളെ പരിഹസിക്കുന്ന പ്രക്രിയയിലാണോ തെരഞ്ഞെടുപ്പ് കമ്മിഷനും? ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് വര്‍ത്തമാന ജനാധിപത്യ ക്രമങ്ങളില്‍ അവശേഷിക്കുന്നത്.

Exit mobile version