27 July 2024, Saturday
KSFE Galaxy Chits Banner 2

രാഷ്ട്രീയ അധികാരം വിലയ്ക്കെടുക്കാന്‍ അനുവദിച്ചുകൂടാ

Janayugom Webdesk
March 19, 2024 5:00 am

തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച പൂർണ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ എസ്ബിഐയും മോഡി സർക്കാരും നടത്തിയ എല്ലാ ശ്രമങ്ങളും സുപ്രീം കോടതിക്കു മുമ്പിൽ പരാജയപ്പെട്ടു. ഓരോ തെരഞ്ഞെടുപ്പ് ബോണ്ടിലുമുള്ള സവിശേഷ ‘അൽഫാ ന്യൂമറിക്കൽ’ അടയാളങ്ങൾ മറ്റുവിവരങ്ങൾക്കൊപ്പം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിരുന്നില്ല. ആരുവാങ്ങിയ ബോണ്ടുകളാണ് ഏതുപാർട്ടിക്ക് ലഭിച്ചതെന്ന് വ്യക്തമാവണമെങ്കിൽ ഈ അൽഫാ ന്യൂമറിക്കൽ അടയാളങ്ങൾ തിരിച്ചറിഞ്ഞെങ്കിലെ കഴിയു. അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുമാത്രം വായിക്കാൻ കഴിയുന്ന രഹസ്യ കോഡുകളാണ് അവ. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങുന്നവരുടെയും അത് പണമാക്കി മാറ്റുന്ന രാഷ്ട്രീയപാർട്ടിയുടെയും വ്യക്തിത്വം രഹസ്യമാക്കി സൂക്ഷിക്കുമെന്ന് പദ്ധതി വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും അത് സംബന്ധിച്ച വിവരങ്ങൾ ബാങ്കിനും സർക്കാരിനും തിരിച്ചറിയുന്നതിനും ദുരുപയോഗപ്പെടുത്തുന്നതിനും ആയിരിക്കണം നഗ്നനേത്രംകൊണ്ട് കാണാനാവാത്ത രഹസ്യ കോഡിന്റെ ഉപയോഗം. ഈ രഹസ്യ കോഡുകൾ പുറത്തുവരുന്നതോടെ ബോണ്ട് വാങ്ങിയതും അത് പണമാക്കി മാറ്റിയതും അതിന് മുമ്പ് കേന്ദ്ര ഏജൻസികളെ സർക്കാർ എപ്രകാരം ദുരുപയോഗം ചെയ്തുവെന്നതും തുടങ്ങി ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ ‘കൊടുക്കൽ വാങ്ങൽ ഇടപാടുകളുടെ‘യും പൂർണചിത്രം പുറത്തുവരും. അത് തടയാനുള്ള ശ്രമമാണ് എസ്ബിഐയും മോഡി സർക്കാരും നടത്തി വന്നിരുന്നത്. ഇതിനിടെ, തിങ്കളാഴ്ച തന്നെ രാജ്യത്തെ വ്യവസായികളുടെയും വ്യാപാരികളുടെയും സംഘടനകളും രഹസ്യ കോഡ് പരസ്യപ്പെടുത്തുന്നതിനെതിരെ പരമോന്നത കോടതിയെ സമീപിക്കാൻ ശ്രമിച്ചതായും വെളിപ്പെട്ടു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (ഫിക്കി), അസോസിയേറ്റഡ് ചേമ്പർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസ്സചോം) എന്നിവയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കേസിൽ ഇടപെടാൻ ശ്രമിച്ചെങ്കിലും ‘അത്തരം അപേക്ഷകൾ യാതൊന്നും തങ്ങളുടെ മുമ്പിൽ ഇല്ലെന്നു’ പറഞ്ഞ് ചീഫ് ജസ്റ്റിസ് ആ ശ്രമം തടയുകയായിരുന്നു. രഹസ്യ കോഡ് പുറത്തുവരുന്നതോടെ കോർപറേറ്റുകളും മോഡി സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും സർക്കാരിന്റെ അഴിമതിയുടെയും കേന്ദ്ര ഏജൻസികളെ എപ്രകാരം ദുരുപയോഗം ചെയ്തു എന്നതിന്റെയും പൂർണചിത്രം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.


ഇതുകൂടി വായിക്കൂ: വോട്ടിനൊരുങ്ങുമ്പോഴുള്ള ആശങ്കകള്‍


ബോണ്ട് സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ പുറത്തുവരുന്നത് തടയാനും തങ്ങൾ നടത്തിയ രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയുടെയും പിടിച്ചുപറിയുടെയും വ്യക്തമായ ചിത്രം ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനും ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മലാ സീതാരാമൻ തുടങ്ങിയവരും ഇതര ബിജെപി നേതാക്കളും നടത്തിവന്ന തീവ്ര ശ്രമങ്ങൾക്കിടയിലാണ് സുപ്രീം കോടതിയുടെ കർക്കശ ഇടപെടൽ. അമിത് ഷാ വെള്ളിയാഴ്ച നടന്ന ‘ഇന്ത്യ ടുഡേ കോൺക്ലേവിൽ’ തെരഞ്ഞെടുപ്പ് ബോണ്ട് വഴി ബിജെപിക്ക് സുമാർ 6,000 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും മൊത്തം വിറ്റഴിക്കപ്പെട്ട 20,000 കോടി രൂപയില്‍ ബാക്കിവരുന്ന 14,000 കോടി രൂപ പ്രതിപക്ഷ പാർട്ടികൾക്കാണ് ലഭിച്ചതെന്നും വരുത്തിത്തീർക്കാൻ പാഴ്ശ്രമം നടത്തിയിരുന്നു. നിർമ്മലാ സീതാരാമനും ബിജെപിയുടെ ഡൽഹിയിലെ നേതാവ് ആർ പി സിങ്ങും മറ്റും സമാനമായ ആഖ്യാനങ്ങൾക്കാണ് ശ്രമിച്ചത്. എന്നാൽ ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പുറത്തുവിട്ടതോടെ, 2018 മാർച്ചിൽ ആരംഭിച്ച ബോണ്ട് വില്പനയിൽ നിന്നും സുപ്രീം കോടതി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുംവരെ, ബിജെപിക്ക് ലഭിച്ച തുക ഭീമമായ 8,251.8 കോടി രൂപയെങ്കിലും വരുമെന്ന് വ്യക്തമായി. വിദൂര രണ്ടാംസ്ഥാനത്തുള്ള കോൺഗ്രസിന് ലഭിച്ച തുകയാകട്ടെ 1,952 കോടി രൂപയും മൂന്നാം സ്ഥാനത്തുള്ള തൃണമൂൽ കോൺഗ്രസിന് 1,705 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്. സിപിഐ, സിപിഐ (എം), സിപിഐ (എംഎൽ) ഉൾപ്പെടെ ഇടതുപാർട്ടികൾ പദ്ധതിയുടെ തുടക്കത്തിൽത്തന്നെ ഈ കോഴപ്പണം തങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് പ്രഖ്യാപിക്കുകയും ആ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വസ്തുതകൾ ആ നിലപാടിനെ സാധൂകരിക്കുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകളിലെ രഹസ്യ കോഡ്, ക്രമനമ്പർ ഉണ്ടെങ്കിൽ അതടക്കം മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന സുപ്രീം കോടതി ഉത്തരവ് ബിജെപിക്കും കേന്ദ്രസർക്കാരിനും മോഡി സർക്കാരിന്റെ കൈകളിലെ കളിപ്പാവയായി മാറിയ എസ്ബിഐക്കും പരമോന്നത കോടതിയിൽനിന്നും തുടർച്ചയായി ഏൽക്കുന്ന മാരക പ്രഹരമാണ്. എസ്ബിഐ തങ്ങളുടെ പക്കൽ തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്തുവിട്ടുവെന്നും യാതൊന്നും തന്നെ തടഞ്ഞുവച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി കോടതിയിൽ സമർപ്പിക്കേണ്ടതുമുണ്ട്.


ഇതുകൂടി വായിക്കൂ: വോട്ടിനൊരുങ്ങുമ്പോഴുള്ള ആശങ്കകള്‍


തങ്ങൾ വേറിട്ട പാർട്ടിയാണെന്നും അഴിമതിമുക്ത പാർട്ടിയാണെന്നും അവകാശപ്പെട്ട് 10 വർഷങ്ങൾക്കുമുമ്പ് അധികാരത്തിലേറിയ നരേന്ദ്ര മോഡിയുടെ ബിജെപി സർക്കാരിന്റെ മുഖമൂടിയാണ് രാജ്യത്തെ നീതിന്യായവ്യവസ്ഥ പിച്ചിച്ചീന്തിയിരിക്കുന്നത്. അത് രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയെയും പിടിച്ചുപറിയെയും പകൽകൊള്ളയെയുമാണ് തുറന്നുകാട്ടുന്നത്. ഭരണഘടനാ വിരുദ്ധമായ മാർഗത്തിലൂടെ ആർജിച്ച ഈ അഴിമതിപ്പണം മരവിപ്പിക്കാതെയും കണ്ടുകെട്ടാതെയും നടത്തുന്ന തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂർവവും ആകാൻ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ കേസിൽ അടുത്ത് സ്വീകരിക്കാൻപോകുന്ന നടപടി എന്തായിരിക്കുമെന്ന് ജനാധിപത്യവിശ്വാസികൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ച് ആർജിച്ച പണംകൊണ്ട് രാഷ്ട്രീയാധികാരം വിലയ്ക്കെടുക്കാൻ ബിജെപിയെയും നരേന്ദ്ര മോഡിയെയും അനുവദിക്കുന്നത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും രാഷ്ട്രീയധാർമ്മികതയുടെയും കുരുതികൊടുക്കലാവാൻ അനുവദിച്ചുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.