പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിൽ രണ്ടാം വിരമിക്കൽ പദ്ധതി (വിആർഎസ്) അടിച്ചേൽപ്പിക്കാൻ നീക്കമെന്ന് ജീവനക്കാരുടെ സംഘടനകൾ. പരമാവധി വിഭാഗങ്ങളിൽ നിന്ന് സ്ഥിരം ജീവനക്കാരെ ഒഴിവാക്കി പുറംകരാർ വ്യാപകമാക്കുന്നതിലൂടെ സ്വകാര്യവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന സംശയം ബലപ്പെടുന്നുമുണ്ട്. ബിഎസ്എൻഎല്ലിൽ 30,000 ജീവനക്കാരുടെ ആവശ്യമേയുള്ളുവെന്ന് ഏതാനും നാൾ മുമ്പ് കമ്പനി സിഎംഡി പറഞ്ഞതും കുറച്ച് നാളുകളായി ആലോചനയിലുള്ള രണ്ടാം വി ആർ എസിന്റെ സൂചനയാണെന്ന വിവരമാണ് പുറത്തു വരുന്നത്.
2019 ൽ പ്രഖ്യാപിച്ച് 2020 ലാണ് കമ്പനിയിൽ സ്വയം വിരമിക്കൽ പദ്ധതി ആദ്യം നടപ്പാക്കിയത്. 80,000 ൽ താഴെ ജീവനക്കാരാണ് അതിലൂടെ പുറത്തായത്. അതിനു ശേഷം സ്ഥിരം നിയമനം ഉണ്ടായതുമില്ല. ഇതോടെ, എല്ലാ അവശ്യ സേവന വിഭാഗങ്ങളിലും വിദഗ്‌ധരായ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടു. അവശേഷിക്കുന്ന ജീവനക്കാരിൽ നിന്ന് ഇനിയൊരു വിആർഎസ് വഴി വലിയൊരു വിഭാഗം കൂടി പുറത്തായാൽ ഇപ്പോൾത്തന്നെ കമ്പനിയുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ അനുഭവപ്പെടുന്ന താളപ്പിഴ കൂടുതൽ രൂക്ഷമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇതര സ്വകാര്യ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബിഎസ്എൻഎൽ ഏറെ പിന്നിലാണ്. ജീവനക്കാരുടെ ശമ്പളക്കുടിശികയും മറ്റും വർധിച്ചപ്പോൾ അത് സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തില്‍ നിന്ന് തലയൂരാൻ കെട്ടിയേൽപ്പിച്ചതായിരുന്നു ആദ്യ വിആർഎസ്. ജീവനക്കാർ വളരെ കൂടുതലാണ് എന്നായിരുന്നു വിശദീകരണം. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമെന്ന പേരിൽ അഞ്ച് വർഷം മുമ്പ് നടപ്പാക്കിയ പുറംകരാർ ജോലി വ്യാപകമാക്കുകയും ചെയ്തു. അതു വഴി വന്‍തോതിൽ ചെലവ് കുറയ്ക്കാനായി എന്നായിരുന്നു അവകാശ വാദം. അപ്പോഴും വലിയ ടെലിഫോൺ എക്സ്ചേഞ്ചുകളെ പുറംകരാർ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിൽ ഇപ്പോൾ അവിടങ്ങളിൽക്കൂടി ഈ സമ്പ്രദായം കൊണ്ടുവരാനാണ് നീക്കം.
രണ്ടു വർഷം മുമ്പ് വീണ്ടുമൊരു വിആർഎസ് നടപ്പാക്കുന്നതിനെക്കുറിച്ച് കൊണ്ടുപിടിച്ച ആലോചനയുണ്ടായിരുന്നു. അന്നും പകുതിയിലധികം ജീവനക്കാരെ ഒഴിവാക്കാനായിരുന്നു ആലോചന. പല കാരണങ്ങളാൽ അത് നടപ്പിൽ വരുത്താനായില്ല. പാളിപ്പോയ ആ തീരുമാനമാണ് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് ഇപ്പോൾ പുറത്തെടുക്കുന്നതെന്നാണ് അറിവ്. നീക്കത്തിന്റെ വിവരങ്ങൾ പുറത്തായതോടെ ബിഎസ്എൻഎല്ലിനെ ജീവനക്കാരുടെ മുഴുവൻ സംഘടനകളും ഒറ്റക്കെട്ടായി രംഗത്തെത്തുകയും എതിർപ്പ് കമ്പനി അധികൃതരെ രേഖാമൂലം അറിയിക്കുകയും ചെയ്തിരിക്കുകയാണ്. ജീവനക്കാരുടെ എണ്ണക്കൂടുതലാണ് ബിഎസ്എൻഎല്ലിന്റെ മുഖ്യ പ്രശ്നമെന്ന വാദത്തെ യൂണിയനുകൾ തള്ളിക്കളയുന്നു.