Site icon Janayugom Online

വിഎസ്എസ്‍സി പരീക്ഷാ തട്ടിപ്പ്: ജാമ്യാപേക്ഷ തള്ളി

വിഎസ്എസ്‍സി പരീക്ഷാ തട്ടിപ്പ് കേസിലെ അഞ്ച് മുഖ്യ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഹരിയാന ഹിസൂർ ജില്ലക്കാരനായ മനോജ് കുമാർ (32), ഹരിയാന ജിണ്ട് ജില്ലക്കാരായ ജഗദീപ് സിങ് (29), പരീക്ഷാ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ദീപക് ഷോഗന്റ് (30), സോനു സിങ് (30), ലാഖ്‌വീന്ദർ (25) എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എൽസാ കാതറിൻ ജോർജ് തള്ളിയത്.
പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഗുരുതരവും ഗൗരവമേറിയതുമാണെന്ന് കോടതി കണ്ടെത്തി. പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ട്. മറ്റ് ഉറവിടങ്ങളിൽ നിന്ന് പ്രതികൾക്ക് ലഭിച്ച സഹായവും ഗൂഢാലോചന ഉണ്ടെങ്കിൽ അതും അന്വേഷിക്കേണ്ടതുണ്ട്. കൂടാതെ കൃത്യത്തിലുൾപ്പെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും കൃത്യത്തിനുപയോഗിച്ച ഉപകരണങ്ങളും ഗാഡ്ജറ്റും കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. തുടർന്ന് പ്രതികളുടെ ജയിൽ റിമാന്‍ഡ് 30 വരെ നീട്ടി.
ഓഗസ്റ്റ് 20ന് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലും പട്ടം സെന്റ്. മേരീസ് സ്കൂളിലുമായിട്ടായിരുന്നു പരീക്ഷ. സിറ്റി മെഡിക്കൽ കോളജ് , മ്യൂസിയം എന്നീ പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

eng­lish summary;VSSC exam scam: Bail plea rejected

you may also like this video;

;

Exit mobile version