Site iconSite icon Janayugom Online

വിവിപാറ്റ്: സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി

VVpatVVpat

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മുഖേന രേഖപ്പെടുത്തുന്ന മുഴുവന്‍ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളായുമായി ഒത്തു നോക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അരുണ്‍ കുമാര്‍ അഗര്‍വാളാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുനരവലോകന ഹര്‍ജി ഫയല്‍ ചെയ്തത്.

വോട്ടെടുപ്പിലെ കൃത്യത ഉറപ്പാക്കാന്‍ ഇവിഎം മുഖേന രേഖപ്പെടുത്തുന്ന മുഴുവന്‍ വോട്ടുകളുടെയും വിവിപാറ്റ് (വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയില്‍) സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഏപ്രില്‍ 26ന് സുപ്രീം കോടതി വാദം കേട്ട ശേഷം തള്ളിയിരുന്നു. ഇവിഎമ്മിലെ വോട്ട് രേഖപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിവിപാറ്റ് സ്ലിപ്പുകള്‍ പ്രിന്റ് ചെയ്യുക. ഇവ രണ്ടും ഒത്തു നോക്കിയാല്‍ വോട്ടെടുപ്പിലെ കൃത്യത ഉറപ്പു വരുത്താന്‍ കഴിയും. ഈ ആവശ്യം നിരാകരിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച്, വിഷയത്തില്‍ ചില നിബന്ധനകള്‍ പാലിക്കണമെന്ന നിര്‍ദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരുന്നു.

കേസിനിടെ ഇവിഎം-വിവിപാറ്റ് ഉള്‍പ്പെടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയുള്ള വോട്ടിങ്ങുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ചോദ്യങ്ങളും കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ഉന്നയിച്ചിരുന്നു. ഇവയ്ക്കൊക്കെ കമ്മിഷന്‍ നല്‍കിയ മറുപടി തൃപ്തികരമെന്ന വിലയിരുത്തലിലാണ് ചില നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ കമ്മിഷന്‍ കോടതിയെ ബോധിപ്പിച്ച വിവരങ്ങളുടെ സാംഗത്യം ചോദ്യം ചെയ്താണ് പുതിയ ഹര്‍ജി.
വിവിപാറ്റ് കേസിലെ കോടതി ഉത്തരവില്‍ പിഴവുകളുണ്ട്. ഇവിഎം-വിവിപാറ്റ് സ്ലിപ്പുകള്‍ ഒത്തു നോക്കാന്‍ അനാവശ്യ കാലതാമസം നേരിടുമെന്നും തെരഞ്ഞെടുപ്പ് ഫലം വൈകാന്‍ കാരണമാകുമെന്നുമുള്ള വിലയിരുത്തല്‍ തെറ്റാണെന്നും ഹര്‍ജിയില്‍ പറയുന്നു. 

Eng­lish Sum­ma­ry: VVPAT: Revi­sion Peti­tion in Supreme Court

You may also like this video

Exit mobile version