വാളയാർ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന കേരള പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ശരിവച്ച് സിബിഐ കുറ്റപത്രം. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതികൾ തന്നെയാണ് സിബിഐയുടെ പ്രതിപ്പട്ടികയിലും ഉൾപ്പെട്ടിരിക്കുന്നത്. തുടർ പീഡനങ്ങൾ ആത്മഹത്യയ്ക്ക് കാരണമായെന്നും കുറ്റപത്രത്തിൽ പറയുന്നു. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും പറയുന്നത്. പാലക്കാട് പോക്സോ കോടതിയിൽ തിരുവന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്‍പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. ബലാത്സംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബുവിനെതിരെ എസ്‍സി/ എസ്‍ടി വകുപ്പും ചുമത്തിയിട്ടുണ്ട്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഇതേ വീട്ടിൽ ഒമ്പത് വയസുകാരി അനുജത്തിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി. മാർച്ച് ആറിന് അന്ന് എഎസ്‍പിയായിരുന്ന ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയർന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പുനഃസംഘടിപ്പിക്കുകയും ആരോപണവിധേയനായ വാളയാർ എസ്ഐ പി സി ചാക്കോയെ സംഘത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല നർക്കോട്ടിക് സെൽ ഡിവൈഎസ്‍പിയായിരുന്ന എം ജെ സോജനു നൽകി. തൊട്ടുപിന്നാലെ പാമ്പാംപള്ളം സ്വദേശി വി മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവർ അറസ്റ്റിലായി. വാളയാർ എസ്ഐ പി സി ചാക്കോയ്ക്ക് സസ്പെൻഷനും ഡിവൈഎസ്‍പി വാസുദേവൻ, സിഐ വിപിൻദാസ് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണവും നടന്നു. മാർച്ച് പത്തിന് എം മധു, ചേർത്തല സ്വദേശി പ്രദീപ് കുമാർ എന്നിവരെ കൂടി അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം ഒരു പതിനാറുകാരൻ കൂടി അറസ്റ്റിലായി.
കേസന്വേഷണത്തിനിടെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രവീൺ എന്ന 29 കാരൻ തൂങ്ങിമരിച്ചു.
സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം ജൂൺ 22 ന് പൊലീസ് കോടതിയിൽ സമർപ്പിച്ചു. പതിനാറുകാരന്റെ ഒഴികെ മറ്റ് നാല് പ്രതികളുടെ പേരിൽ പോക്സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വർഗങ്ങൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഉണ്ടായിരുന്നത്. പതിനാറുകാരന്റെ വിചാരണ ജുവനൈൽ കോടതിയിലേക്കും മാറ്റി.
2019 ഒക്ടോബർ ഒമ്പതിന്, മൂന്നാം പ്രതിയായി ചേർത്തിരുന്ന ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താൽ വെറുതെവിട്ടു. പിന്നാലെ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. എന്നാൽ വിധി റദ്ദാക്കണമെന്നും പുനർവിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടർന്ന് റിട്ട. ജില്ലാ ജഡ്ജി പി കെ ഹനീഫയെ സംസ്ഥാന സർക്കാർ കമ്മിഷനായി നിയമിച്ചു. 2020 മാർച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മിഷൻ കണ്ടെത്തി. അതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാർ ആത്മഹത്യ ചെയ്തു. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി 2021 ജനുവരിയിൽ ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയുമായിരുന്നു.
English Summary: Walayar case: CBI charges up police probe
You may like this video also