Site iconSite icon Janayugom Online

വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന നിഗമനത്തിൽ പൊലീസ്

വാളയാറിൽ ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ ആർ എസ് എസ് — ബി ജെ പി പ്രവർത്തകരായ അഞ്ചുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ചിലർ നാടുവിട്ടതായാണ് സൂചന. ഇവർക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. 

അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദൻ, ബിപിൻ എന്നിവരാണ് നിലവിൽ റിമാൻഡിലുള്ളത്. ഇവരിൽ അനുവും മുരളിയും മുൻപ് ഡി വൈ എഫ് ഐ — സി ഐ ടി യു പ്രവർത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികളാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അതേസമയം, കൊല്ലപ്പെട്ട രാംനാരായണിന്റെ ഭാര്യയും ബന്ധുക്കളും ഇന്ന് ഉച്ചയോടെ തൃശൂരിലെത്തും. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

Exit mobile version