Site icon Janayugom Online

വേണ്ടത് റയിൽവേ നവീകരണം: യുവകലാ സാഹിതി

സാധാരണക്കാരുടെ ചെലവുകുറഞ്ഞ പ്രധാന യാത്രാമാർഗമായ നിലവിലുള്ള തെക്കു-വടക്ക് റയിൽവെ സംവിധാനം പാതകൾ ഇരട്ടിപ്പിച്ചും നവീകരിച്ചും അതിവേഗ യാത്രാസൗകര്യം വർധിപ്പിക്കുകയാണ് കേരളത്തിന്റെ അടിയന്തരാവശ്യമെന്ന് യുവകലാസാഹിതി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി. ഇന്ത്യൻ റയിൽവേ, യാത്രാ സേവനരംഗത്ത് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ ട്രെയിനുകളുടെ വേഗതയിലും പാതകൾ ഇരട്ടിപ്പിക്കുന്നതിലും സിഗ്നൽ സംവിധാനത്തിലും സ്റ്റേഷൻ അടക്കമുള്ള യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങളിലും ഇപ്പോഴും കേരളം വളരെ പിന്നിലാണ്. പാതകൾ ഇരട്ടിപ്പിക്കൽ, 130 കിലോമീറ്റർ വേഗത്തിൽ ഓടാവുന്ന എൽബിഎച്ച് കോച്ചുകൾ തുടങ്ങിയവ സംസ്ഥാനത്തിന് ലഭ്യമാക്കണം.

പാതകളുടെ വളവു നികത്തുകയും സിഗ്നലിങ് സംവിധാനം നവീകരിക്കുകയും ചെയ്താൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന്റെ വേഗത ഗണ്യമായി വർധിപ്പിക്കാൻ കഴിയും. ഇത്തരം സുപ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കി റയിൽവേ യാത്രാസൗകര്യം വർധിപ്പിക്കാനുള്ള വമ്പിച്ച ബഹുജന പ്രക്ഷോഭങ്ങൾ ഉടൻ ആരംഭിക്കണമെന്നും യുവകലാസാഹിതി ആവശ്യപ്പെട്ടു. കെ-റയിൽ സംബന്ധിച്ച യുവകലാസാഹിതി നിലപാട് കേരളീയ സമൂഹം അംഗീകരിച്ചതായും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ, ട്രഷറർ ടി യു ജോൺസൺ, സംസ്ഥാന ഭാരവാഹികളായ ഡോ. വത്സലൻ വാതുശ്ശേരി, കെ ബിനു, പ്രൊഫ. എസ് അജയൻ, സി വി പൗലോസ്, ആസിഫ് റഹീം, എം സി ഗംഗാധരൻ എന്നിവർ സംസാരിച്ചു.

eng­lish sum­ma­ry; Want­ed Rail­way Innovation:yuvakala sahiti

you may also like this video;

Exit mobile version