Site iconSite icon Janayugom Online

വഖഫ് നിയമനം: തീരുമാനമെടുത്തവരിൽ ലീഗ്‌ പ്രതിനിധികളും; നിയമസഭാ രേഖ തെളിവ്‌

വഖഫ് ബോർഡ്‌ നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനമെടുത്തത്‌ മുസ്ലിംലീഗ്‌ നേതാക്കളും പങ്കെടുത്ത യോഗത്തിലെന്ന്‌ നിയമസഭാ രേഖ. 2018 ജനുവരി 31ന് നിയമസഭയിൽ വി പി സജീന്ദ്രന്റെ ചോദ്യത്തിന് അന്നത്തെ വഖഫ്‌ വകുപ്പ് കൈകാര്യംചെയ്‌ത മന്ത്രി കെ ടി ജലീൽ നൽകിയ മറുപടിയിലാണ്‌ ഇക്കാര്യമുള്ളത്‌. മിനുട്‌സിൽ വഖഫ് ബോർഡ് ചെയർമാനായിരുന്ന ലീഗ് നേതാവ് പാണക്കാട് റഷീദലി തങ്ങളുൾപ്പെടെയുള്ള പ്രതിനിധികൾ ഒപ്പിട്ടിട്ടുണ്ട്‌. അന്ന്‌ എതിർപ്പൊന്നും ഉയർത്താതിരുന്നവരാണ്‌ സമുദായ കാർഡിറക്കി ഇപ്പോൾ വിവാദമുണ്ടാക്കുന്നത്‌. 

വഖഫ്‌ ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ തീരുമാനിക്കുംമുമ്പ് മുസ്ലിം സംഘടനകളുമായി ചർച്ച നടത്തിയിരുന്നോ എന്നായിരുന്നു സജീന്ദ്രന്റെ ചോദ്യം. 19-/07-/2016ന് മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിൽ ബോർഡ് ചെയർമാന്റെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വഖഫ്‌ ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ തത്വത്തിൽ തീരുമാനിച്ചതെന്ന് മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബോർഡിൽ ഒഴിവ് വരുന്ന തസ്തികകളിലേക്ക് പിഎസ്‌സി നിയമനം നടത്താനും അതുവരെ താൽക്കാലിക ജീവനക്കാരെ നിലനിർത്തുന്നതിനും യോഗം തീരുമാനിച്ചു. 

യോഗത്തിലെ നടപടിക്കുറിപ്പ് ബോർഡ് ചെയർമാനും അംഗങ്ങളും അംഗീകരിച്ച്‌ ഒപ്പുവച്ചിട്ടുണ്ട്.ബോർഡ് മെമ്പർമാരായ എം സി മായിൻ ഹാജി, അഡ്വ. വി പി സൈനുദ്ദീൻ എന്നിവരാണ്‌ യോഗത്തിൽ പങ്കെടുത്ത ലീഗ് നേതാക്കൾ. അഡ്വ. ഷറഫുദ്ദീൻ, അഡ്വ. ഫാത്തിമ റോസ്‌ന, ടി പി അബ്ദുല്ലക്കോയ മദനി തുടങ്ങിയവരാണ് പങ്കെടുത്ത മറ്റ് ബോർഡ് അംഗങ്ങൾ. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിന്റെ പേരിൽ സാമുദായിക ചേരിതിരിവുണ്ടാക്കി മുതലെടുക്കാനാണ്‌ ലീഗിന്റെ ഇപ്പോഴത്തെ ശ്രമം. അതിനിടിയിൽ നിയമസഭാ രേഖ പുറത്തുവന്നതോടെ ലീഗ് വെട്ടിലായി.

Eng­lish Sum­ma­ry : waqaf board place­ment and mus­lim league

You may also like this video :

Exit mobile version