വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്. ഈ മാസം 13 ന് ചീഫ് ജസ്റ്റിസ് വിരമിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ തീരുമാനം. വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുന്നിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് ഹര്‍ജി പരിഗണനയ്ക്ക് എത്തിയത്. എന്നാല്‍ ഹര്‍ജികളിലെ സത്യവാങ്മൂലങ്ങളും എതിര്‍ സത്യവാങ്മൂലങ്ങളും പരിശോധിച്ചതില്‍ നിന്നും കേസിന്റെ വാദം ദൈര്‍ഘ്യമുള്ളതാണെന്ന് മനസിലാക്കിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസില്‍ ഇടക്കാല ഉത്തരവിറക്കാന്‍ പോലും ദീര്‍ഘമായ വാദം കേള്‍ക്കേണ്ടതുണ്ട്. വിരമിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേസിന്റെ വാദം പൂര്‍ണമായും കേള്‍ക്കാന്‍ കഴിയുമോ എന്ന് പറായാനാകില്ല. ഇതിനാല്‍ ഇടക്കാല ഉത്തരവിനും അന്തിമ ഉത്തരവിനുമായി ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിലേക്ക് ഹര്‍ജികള്‍ പരിഗണനയ്ക്ക് വിടുകയാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. 15ന് നിയുക്ത ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

