Site iconSite icon Janayugom Online

വഖഫ് നിയമഭേദഗതി; ജെപിസി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

jpcjpc

വഖഫ് നിയമഭേഗതി സംബന്ധിച്ച് പാര്‍ലമെന്റ് സംയുക്ത സമിതി (ജെപിസി) യോഗത്തില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി. സമിതിക്ക് മുമ്പാകെ ഹാജരായ ഡല്‍ഹി വഖഫ് ബോര്‍ഡ് അഡ‍്മിനിസ്ട്രേറ്റര്‍ സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തി അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. 

ആംആദ്മി പാര്‍ട്ടി അംഗം സഞ്ജയ് സിങ്, ഡിഎംകെ എംപി മുഹമ്മദ് അബ്ദുള്ള, കോണ്‍ഗ്രസ് എംപിമാരായ നസീര്‍ ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് ഇറങ്ങിപ്പോയത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണറും ഡല്‍ഹി വഖഫ് ബോര്‍ഡ് അഡ‍്മിനിസ‍്ട്രേറ്ററുമായ അശ്വിനി കുമാര്‍, മുഖ്യമന്ത്രി അതിഷിയുടെ അനുമതിയില്ലാതെ വഖഫ് ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മാറ്റംവരുത്തിയതായി പ്രതിപക്ഷം ആരോപിച്ചു. 

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുകളുടെ പ്രതിനിധികളെ വഖഫ് (ഭേദഗതി) ബില്ല് 2024ന്മേലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സമിതി ക്ഷണിച്ചിരുന്നു. തെളിവുകള്‍ വാക്കാലോ, എഴുതിയോ നല്‍കാനായിരുന്നു നിര്‍ദേശം. ചന്ദര്‍ വിധ്വായുടെ നേതൃത്വത്തിലുള്ള സംഘമായ ജസ്റ്റിസ്, ഡല്‍ഹി വഖഫ് ടെനന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍, റസിഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹര്‍ബന്‍സ് ഡങ്കല്‍, ന്യൂഡല്‍ഹിയിലെ ബികെ ദത്ത് കോളനി എന്നിവരോടും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ ഹാജരാകണമെന്ന് കമ്മിറ്റി അറിയിച്ചിരുന്നു. അതിനിടെ ഡൽഹി സർക്കാരിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഉദ്യോഗസ്ഥൻ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചതെന്നും അത് അസാധുവായി കണക്കാക്കണമെന്നും കാണിച്ച് ഡൽഹി മുഖ്യമന്ത്രി അതിഷി കമ്മിറ്റി അധ്യക്ഷന്‍ ജഗദാംബിക പാലിന് കത്ത് നല്‍കി.

കഴിഞ്ഞ ജെപിസി യോഗത്തില്‍ ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയും തമ്മില്‍ ചൂടേറിയ വാക്കേറ്റമുണ്ടായിരുന്നു. ബാനര്‍ജി വെള്ളക്കുപ്പി എടുത്ത് വലിച്ചെറിയുകയും പൊട്ടിയ കുപ്പിയുടെ കഷണം അധ്യക്ഷന്‍ ജഗദാംബിക പാലിന് നേര്‍ക്ക് എറിയുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ‍്തു. തുടര്‍ന്ന് കല്യാണ്‍ ബാനര്‍ജിയെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒരു ദിവസം വിലക്കിയിരുന്നു. 

Exit mobile version