Site iconSite icon Janayugom Online

വഖഫ് ഭേദഗതി ബില്‍; എഎപിയും സുപ്രീം കോടതിയില്‍

പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടിയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എഎപി എംഎൽഎ അമാനത്തുള്ള ഖാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസിയും കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും ഹര്‍ജി നല്‍കിയിരുന്നു. മുസ്ലിങ്ങളുടെ മതപരവും സാംസ്കാരികവുമായ സ്വയംഭരണത്തെ വെട്ടിക്കുറയ്ക്കുകയും ന്യൂനപക്ഷ അവകാശങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് വഖഫ് ഭേദഗതി ബില്ലെന്ന് ഡൽഹി വഖഫ് ബോർഡ് ചെയർമാന്‍ കൂടിയായ അമാനത്തുള്ള ഖാൻ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. 

അതേസമയം ബിജെപിയുടെ പ്രിയപ്പെട്ട വ്യവസായികൾക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ഭൂമി തട്ടിയെടുക്കാനാണ് വഖഫ്‌ ബില്‍ പാസാക്കിയതെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. വഖഫ് ബില്ലിൽ തങ്ങളുടെ പിന്തുണയ്ക്കായി മുതിര്‍ന്ന ബിജെപി നേതാക്കൾ അവസാന നിമിഷം വരെ ശ്രമിച്ചിരുന്നുവെന്നും റൗത്ത് അവകാശപ്പെട്ടു. കേന്ദ്രത്തിലേയും മഹാരാഷ്‌ട്രയിലേയും മുതിര്‍ന്ന ബിജെപി നേതാക്കളാണ് വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതിന് ഉദ്ധവ്‌ താക്കറെ നയിക്കുന്ന പാര്‍ട്ടിയുടെ സഹായം തേടിയത്. ലോക്‌സഭയിൽ ബില്ലിനെ പിന്തുണയ്ക്കുന്നതിനായി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ അവസാന നിമിഷം വരെ ബിജെപി സമ്മർദത്തിലാക്കിയതായും അദ്ദേഹം പറഞ്ഞു. ബിജെഡി ബില്ലിനെ എതിർത്തെങ്കിലും അംഗങ്ങൾക്ക് വിപ്പ് പുറപ്പെടുവിച്ചിരുന്നില്ല. അവരുടെ മനഃസാക്ഷിക്ക് അനുസൃതമായി വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
വലിയ ഭൂരിപക്ഷത്തോടെയല്ല ബില്‍ പാസാക്കിയിട്ടുള്ളത്. സർക്കാരിന് 300 വോട്ടുകൾ പോലും ലഭിച്ചില്ല. എതിര്‍ വോട്ടുകള്‍ ഇനിയും വര്‍ധിക്കുമായിരുന്നു. തങ്ങളുടെ ചില അംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് ഹാജരാകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version