Site iconSite icon Janayugom Online

വഖഫ് ഭേദഗതി ബിൽ: ജെപിസി യോഗത്തിൽ എംപിമാർ തമ്മിൽ വാക്‌പോര്

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ വാക്കുതർക്കം. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തമ്മിലാണ് തർക്കമുണ്ടായത്. വെള്ളക്കുപ്പിയെടുത്ത് മേശയിൽ അടിച്ച കല്യാൺ ബാനർജിയുടെ കൈക്ക് മുറിവേറ്റു. മറ്റംഗങ്ങളായ അസദുദ്ദീന്‍ ഒവൈസിയും സഞ്ജയ് സിങ്ങും ചേര്‍ന്ന് കല്യാണ്‍ ബാനര്‍ജിയെ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എംപി മടങ്ങുകയും ചെയ്തു. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കല്യാൺ ബാനർജിയെ ജെപിസി യോഗത്തിൽനിന്ന് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.

ബിജെപിയുടെ ജഗദാംബിക പാൽ അധ്യക്ഷനായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേൾക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ബിൽ തയ്യാറാക്കാൻ നടത്തിയ കൂടിയാലോചനകൾ സംബന്ധിച്ച് യാതൊരു രേഖകളും ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പക്കലുണ്ടായിരുന്നില്ല. ഇതാണ് പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് കല്യാണ്‍ ബാനര്‍ജിയും മുന്‍ ഹൈക്കോടതി ജഡ്ജിയായ അഭിജിത് ഗംഗോപാധ്യയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയായിരുന്നു. 

ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെയും നീതിന്യായ മന്ത്രാലയത്തിലെയും 12 ഉദ്യോഗസ്ഥർ ചേർന്നാണ് വഖഫ് ബിൽ തയ്യാറാക്കിയതെന്നാണ് രേഖകള്‍. നാല് ഉപദേശക കമ്മിറ്റി യോഗങ്ങള്‍ നടത്തി. 2023 ജൂൺ 13നും നവംബർ ഏഴിന് ഡൽഹിയിലും നടന്ന യോഗങ്ങളിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വഖഫ് ബോർഡുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍മാരും പങ്കെടുത്തിരുന്നു. മറ്റ് രണ്ട് കൂടിയാലോചനകൾക്ക് പൊതുജനങ്ങളെ വിളിച്ചിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിക്കുന്ന വ്യക്തമായ രേഖകൾ അവതരിപ്പിക്കാൻ മന്ത്രാലയത്തിനായിട്ടില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 

Exit mobile version