തൊളിക്കോട് സെന്റ് തോമസ് മാര്‍ത്തോമ പള്ളി ഇടവകക്കാര്‍ക്ക് സെമിത്തേരിയിലേക്ക് പോകുന്നതിനായി സഞ്ചാരസൗകര്യം സുഗമമായി. ഇത് സംബന്ധിച്ച് ദശാബ്ദങ്ങളായി നിലനിന്ന തര്‍ക്കത്തിന് കേരളാ വഖഫ് ബോര്‍ഡിന്റെ തീരുമാനത്തോടെ പരിഹാരമായി.
വാളക്കോട് എന്‍എംഎ ഹഫാഫി ജമാഅത്തില്‍ നിന്ന് നേരത്തെ വിലയ്ക്കുവാങ്ങിയ സ്ഥലമായിരുന്നു ഇത്. സെമിത്തേരിയിലേക്ക് പോകാന്‍ ഇടവകക്കാര്‍ക്ക് മറ്റൊരു വഴിയില്ലെന്നും അവര്‍ കാലങ്ങളായി ഉപയോഗിക്കുന്ന പാതയാണെന്നുമുള്ള കാര്യം ബോര്‍ഡ് പരിഗണിച്ചു. ഏഴടി വീതിയുള്ള വഴി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ആഴ്ചയുണ്ടായി.
1984 നവംബറിലാണ് ജനറല്‍ബോഡിയുടെ തീരുമാനമനുസരിച്ച് വഖഫ് സ്വത്തില്‍ നിന്ന് 1800 ചതുരശ്ര ലിങ്ക്സ് വസ്തു പള്ളിക്ക് എഴുതിക്കൊടുത്തത്. ഈ കൈമാറ്റത്തെ ജമാഅത്തിന്റെ മുന്‍ പ്രസിഡന്റ് എസ് എം ഷെരീഫ് ചോദ്യം ചെയ്തു. ബോര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുമതി തേടാതെയാണ് വസ്തു കൈമാറിയതെന്നായിരുന്നു ആരോപിച്ചത്. വഖഫ് വക 1.84 ഏക്കര്‍ ഭൂമി മുന്‍ഗാമികള്‍ സമ്പാദിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വാദിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത രൂക്ഷമാകുമെന്നതിനാല്‍ ബോര്‍ഡ് ഈ പ്രശ്നത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു.
ഈ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ബന്ധപ്പെട്ട കക്ഷികളെ കേട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇടവകക്കാര്‍ക്ക് ഈ സഞ്ചാരപാത അനുവദിക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. മറിച്ചൊരു തീരുമാനം മതസൗഹാര്‍ദത്തിന് എതിരാകുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍ പറഞ്ഞു.
English Summary: Waqf Board’s solution to the road to the cemetery
You may also like this video