വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി കേന്ദ്രസര്‍ക്കാര്‍. യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്റ് ഡെവലപ്മെന്റ് ആക്ട് 1995 ന്റെ ചുരുക്കെഴുത്തായ ഉമീദ് എന്ന പേരിലാണ് പോര്‍ട്ടല്‍ പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ആണ് പോര്‍ട്ടല്‍ പുറത്തിറക്കിയത്. കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനും സന്നിഹിതനായിരുന്നു. വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ചരിത്രപരമായ ചുവടുവയ്പാണ് പോര്‍ട്ടലിലൂടെ നടപ്പാവുകയെന്ന് മന്ത്രി പ്രതികരിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാരിന് വഖഫ് സ്വത്തുക്കള്‍ നിര്‍ധനരായ മുസ്ലിങ്ങള്‍ക്കായി പ്രയോജനപ്പെടുന്നുവെന്ന് പോര്‍ട്ടലിലൂടെ ഉറപ്പുവരുത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു. ജിയോടാഗിങ്ങിലൂടെ വഖഫ് സ്വത്തുവകകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തും. വഖഫ് സ്വത്ത് കൈമാറ്റത്തില്‍ സുതാര്യത വരുത്താനും വഖഫില്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വത്തുവകകള്‍ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും പോര്‍ട്ടലിലൂടെ സാധിക്കും. വഖഫ് സ്വത്തുക്കളുടെ വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാനും പോര്‍ട്ടല്‍ വഴിയൊരുക്കും.
എന്നാല്‍ പോര്‍ട്ടലിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷവും മനുഷ്യാവകാശസംഘടനകളും ന്യൂനപക്ഷസംഘടനകളും എതിര്‍ക്കുകയും വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്ന വേളയില്‍ പോര്‍ട്ടല്‍ പുറത്തിറക്കുകയും വഖഫ് സ്വത്തുക്കള്‍ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം എന്നുമുള്ള കേന്ദ്ര നിലപാട് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്നാണ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഭാരവാഹികളുടെ നിലപാട്.

