Site iconSite icon Janayugom Online

രാജ്യസഭയില്‍ വാക്ക്പോര് ; പ്രതിപക്ഷനേതാവും അധ്യക്ഷനും നേര്‍ക്കുനേര്‍

രാജ്യസഭയില്‍ ഇന്നലെ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറും നേര്‍ക്കു നേര്‍ വാക്‌പോര്. അതേസമയം ലോക്‌സഭയില്‍ ഭരണഘടനാ ചര്‍ച്ചയ്ക്ക് തുടക്കമായി.

രാജ്യസഭാ ചെയര്‍മാനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച സഭ പരിഗണിക്കണമെന്ന ആവശ്യത്തോടെയാണ് സഭ കലുഷിതമായത്. ഞാനൊരു കര്‍ഷക പുത്രനാണ്. ഒരു സാഹചര്യത്തിലും ദുര്‍ബലനാകില്ല എന്ന ധന്‍ഖറുടെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയാണ് ഖാര്‍ഗെ നല്‍കിയത്. നിങ്ങള്‍ കര്‍ഷക പുത്രനെങ്കില്‍ ഞാനൊരു തൊഴിലാളി പുത്രനെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. നിങ്ങളെക്കാളും ഒരുപാടു വെല്ലുവിളികള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. പുകഴ്ത്തലുകള്‍ കേള്‍ക്കാനല്ല ഇവിടെ വന്നത് പകരം ചര്‍ച്ചകള്‍ക്കാണെന്നും ഖാര്‍ഗെ തിരിച്ചടിച്ചു.

പ്രതിപക്ഷ അംഗങ്ങള്‍ക്ക് വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സമയം കുറച്ചു നല്‍കുകയും ട്രഷറി ബഞ്ചുകള്‍ക്ക് അധിക സമയം നല്‍കുകയും ചെയ്യുന്ന രീതിയാണ് ചെയര്‍മാന്‍ തുടരുന്നത്. ചെയറുമായുള്ള വാക്‌പോരില്‍ താന്‍ തലകുനിക്കില്ലെന്നും ഖാര്‍ഗെ പറഞ്ഞതോടെ രാജ്യത്തിനു വേണ്ടി താന്‍ മരിക്കുമെന്നും അങ്ങനെ താന്‍ അനശ്വരനാകുമെന്നും ധന്‍ഖര്‍ മറുപടി നല്‍കി.

ചെയറും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്കേറ്റം മുര്‍ച്ഛിച്ചതോടെ സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇന്നലെ ലോക്‌സഭയില്‍ തുടക്കമായി. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകള്‍ ഇന്നും തുടരും. ലോക്‌സഭയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് തുടക്കമിട്ടത്. പ്രതിപക്ഷത്തുനിന്നും വയനാട് എം പി പ്രിയങ്കാ ഗാന്ധിയാണ് ആദ്യം സംസാരിച്ചത്. 

Exit mobile version