Site iconSite icon Janayugom Online

വാര്‍ഡ് വിഭജനം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംങ് തുടങ്ങി

votingvoting

കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ജില്ലാതല ഹിയറിംങ് തുടങ്ങി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും ഡീലിമിറ്റേഷൻ ചെയർമാനുമായ എ ഷാജഹാൻ നേരിട്ട് പരാതികൾ കേട്ടു. സംസ്ഥാന ഡീലിമിറ്റേഷൻ കമീഷന് നേരിട്ടും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെയാണ് നേരിൽ കേട്ടത്.

1,954 പരാതികളാണ് കമീഷന്റെ പരിഗണനയിലുള്ളത്. ആദ്യദിവസം 1,068 പരാതികൾ പരിഗണിച്ചു. ഇതിൽ നേരിട്ട് ഹാജരായ മുഴുവൻ പരാതികളും ചെയർമാൻ നേരിൽ കേട്ടു. രാവിലെ മുതൽ തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പഞ്ചായത്തുകൾ, കോഴിക്കോട് കോർപറേഷൻ, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്നുള്ള പരാതികളാണ് കേട്ടത്. തുടർന്ന്‌ വടകര, പേരാമ്പ്ര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ പഞ്ചായത്തുകൾ, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്നുള്ള പരാതികളും പകൽ രണ്ടുമുതൽ കൊടുവള്ളി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കുപരിധിയിലെ പഞ്ചായത്തുകളിൽനിന്നുള്ള പരാതികളും പരിഗണിച്ചു.

എല്ലാ ജില്ലകളിലെയും സിറ്റിങ്‌ പൂർത്തിയായതിനുശേഷം കമീഷന്റെ ഫുൾസിറ്റിങ്ങിനുശേഷമാണ്‌ വാർഡ് വിഭജനത്തിന്റെ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇന്ന് രാവിലെ ഒമ്പതുമുതൽ ബാലുശേരി, പന്തലായനി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക്‌ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെയും 11 മുതൽ കോഴിക്കോട്, കുന്നമംഗലം ബ്ലോക്കിന്‌ പരിധിയിലെ പഞ്ചായത്തുകൾ, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും രണ്ടുമുതൽ മേലടി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും പരാതികൾ പരിഗണിച്ചു. 

Exit mobile version