Site iconSite icon Janayugom Online

വെള്ളമെന്ന് തെറ്റിദ്ധരിച്ച് രാസവസ്തു കുടിയ്ക്കാൻ നൽകി; 19കാരന് ദാരുണാന്ത്യം

ആശുപത്രിയിൽ ചികിത്സയിലിരുന്ന 19കാരന് വെള്ളമെന്ന് തെറ്റിദ്ധരിച്ച് രാസവസ്തു നൽകിയതിനെത്തുടർന്ന് ദാരുണാന്ത്യം. തെലങ്കാനയിലെ മിർയലഗുഡയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. മരിച്ച ഗണേഷ് രണ്ടാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയാണ്. ശനിയാഴ്ച രാവിലെ പനിയെത്തുടർന്നാണ് ഗണേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി കൂടിയപ്പോൾ പാരസെറ്റാമോൾ ഗുളിക കഴിക്കാൻ നഴ്സ് നിർദ്ദേശിച്ചു. എന്നാൽ ആശുപത്രിയിൽ കുടിവെള്ളം ഉണ്ടായിരുന്നില്ലെന്നും വെള്ളം അന്വേഷിക്കുന്നതിനിടയിൽ ലാബിന് സമീപം കുപ്പിയിലിരുന്ന ദ്രാവകം എടുത്ത് മകന് നൽകുകയുമായിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. 

ഫോർമാൽഡിഹൈഡ് എന്ന അപകടകരമായ രാസവസ്തുവാണ് കുട്ടി കുടിച്ചത്. ദ്രാവകം ഉള്ളിൽ ചെന്ന ഉടൻ തന്നെ ഗണേഷ് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. രാസവസ്തുക്കൾ സുരക്ഷിതമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെത്തുടർന്ന് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും വലിയ പ്രതിഷേധം നടത്തി. ഗണേഷിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version