ന്യൂസിലൻഡ് – അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനു വേദിയായ ഇന്ത്യയിലെ ഗ്രേറ്റർ നോയിഡ സ്റ്റേഡിയം വിവാദത്തില്‍. താരങ്ങള്‍ക്ക് ഭക്ഷണമൊരുക്കാന്‍ കരാര്‍ ഏറ്റെടുത്ത കാറ്റേഴ്‌സ് ശുചിമുറിയിലെ വെള്ളമുപയോഗിച്ച് ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ കഴുകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
മഴ മൂലം ആദ്യ രണ്ടു ദിവസത്തെയും മത്സരം പൂർണമായും തടസപ്പെട്ടതും, ആധുനിക സംവിധാനങ്ങളും പരിചയസമ്പന്നരായ ഗ്രൗണ്ട് സ്റ്റാഫും ഇല്ലാത്തതിനാൽ മത്സരം പുനരാരംഭിക്കാനാകാതെ പോയതും വിമര്‍ശനങ്ങള്‍ വഴിവച്ചതിന് പിന്നാലെയാണ് ഈ സംഭവവും. മത്സരം നടക്കുന്ന ഷഹീദ് വിജയ് സിങ് പതിക് സ്പോർട്സ് കോംപ്ലക്സിലെ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മത്സരത്തിന്റെ രണ്ടു ദിവസം പൂർണമായും കവർന്നത്. പരമ്പരയിൽ ഒരേയൊരു ടെസ്റ്റ് മത്സരം മാത്രമാണ് ഉള്ളത്.
ഗ്രേറ്റര്‍ നോയിഡയ്ക്ക് പകരം ലഖ്‌നൗവിലെ എകാന സ്പോര്‍ട്‌സ് സിറ്റി തങ്ങളുടെ ഹോം സ്റ്റേഡിയമായി ഉപയോഗിക്കാനാണ് താല്പര്യമെന്ന് ഒരു അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വിവിധ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാന്റെ ട്രെയിനിങ് സെഷനായി ടേബിൾ ഫാൻ ഉൾപ്പെടെ ഉപയോഗിച്ച് ഗ്രൗണ്ട് സ്റ്റാഫ് പിച്ച് ഒരുക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ആഭ്യന്തര സംഘർഷങ്ങളെ തുടര്‍ന്നാണ് ന്യൂസിലൻഡ് – അഫ്ഗാനിസ്ഥാൻ മത്സരത്തിന് ഇന്ത്യ വേദിയായത്.