Site iconSite icon Janayugom Online

സ്വയം പാത്രം കഴുകുന്നത് സംസ്കാരം; പരിഹസിക്കുന്നവർ ഒന്നാം ക്ലാസ്സിലെ പാഠപുസ്തകമെങ്കിലും മറിച്ചുനോക്കണം: മന്ത്രി വി ശിവൻകുട്ടി

സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഗൃഹസന്ദർശനത്തിനിടെ താൻ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെച്ചതിനെ പരിഹസിച്ചവർക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. “ഗൃഹസന്ദർശനത്തിനിടെ താൻ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സി പി ഐ (എം) ജനറൽ സെക്രട്ടറി സഖാവ് എം എ ബേബിയെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ചില കോണുകളിൽ നിന്ന് ഉയരുന്ന ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഉള്ളിൽ ഉറച്ചുപോയ ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നതെന്ന് മന്ത്രി ഫെസ്‌ബുക്കില്‍ കുറിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെക്കുക എന്നത് ഒരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ കെ ജി ഭവനിലായാലും തിരുവനന്തപുരത്തെ എ കെ ജി സെന്ററിലായാലും, അത് ഞങ്ങളുടെ രീതിയും ശീലവുമാണെന്ന് മന്ത്രി കുട്ടിച്ചേര്‍ത്തു. ബേബി സഖാവിനെ അടുത്തറിയുന്നവർക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.

നമ്മുടെ സമൂഹത്തിൽ ഇന്നും ചില തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്. തുണികഴുകൽ, പാചകം, വീട് വൃത്തിയാക്കൽ, കക്കൂസ് കഴുകൽ തുടങ്ങിയ ജോലികൾ ‘മോശപ്പെട്ട’ പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കിൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവർ എന്ന് ചിലർ പറയുന്നവർ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവരാണവർ. പുരുഷന്മാർ ഇതൊന്നും ചെയ്യാൻ പാടില്ലെന്നുള്ള പഴഞ്ചൻ ‘ഫ്യൂഡൽ മാടമ്പിത്തരം’ ഉള്ളിൽ പേറുന്നവർക്ക്, ഒരാൾ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടർക്ക് ഇല്ലാതെ പോയി. ഈ അവസരത്തിൽ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു:

സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാനും, ആൺകുട്ടികൾ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങൾ വളർന്നുവരണം. ജീർണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം. ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് ‘മോശമാണെന്ന്’ കരുതുന്നവർക്ക് മറുപടി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് നൽകുന്ന പാഠപുസ്തകത്തിൽ തന്നെയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ചേർന്ന് വീട് വൃത്തിയാക്കുന്ന പാഠഭാഗമാണിത്. “ടോയ്ലറ്റ് ഞാൻ തന്നെ വൃത്തിയാക്കാം” എന്ന് പറയുന്ന അച്ഛനെയും, മുറ്റം അടിച്ചുവാരുന്ന കുട്ടിയെയും ഇവിടെ കാണാം. അവിടെ നാം കുട്ടികളെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്:

“അച്ഛൻ മുറ്റമടിച്ചാലും, അമ്മ മുറ്റമടിച്ചാലും… ചൂല് പിണങ്ങില്ല.”

അതുപോലെ തന്നെ, ആര് കഴുകിയാലും “പ്ലേറ്റ് പിണങ്ങില്ല” എന്ന് പരിഹസിക്കുന്നവർ മനസ്സിലാക്കുന്നത് നന്നായിരിക്കും.
വീട്ടുജോലികൾക്ക് ലിംഗഭേദമില്ലെന്നും, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് അഭിമാനകരമാണെന്നും നമ്മുടെ കുട്ടികൾ പഠിച്ചു വളരുകയാണ്. തൊഴിലിന്റെ മഹത്വവും തുല്യതയും പാഠപുസ്തകങ്ങളിലൂടെ പകർന്നു നൽകുന്ന കേരളത്തിലെ വിദ്യാഭ്യാസ മാതൃകയെ നോക്കി കൊഞ്ഞനം കുത്തുന്നവർ, ചുരുങ്ങിയത് ഒന്നാം ക്ലാസ്സിലെ ഈ പാഠമെങ്കിലും ഒന്ന് വായിച്ചുനോക്കണം. വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മുൻപിൽ പകച്ചുനിൽക്കാനല്ല, മറിച്ച് ശരിയായ ബോധം പകർന്നു നൽകി മുന്നോട്ട് പോകാനാണ് ഈ നാട് ശീലിച്ചിട്ടുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി കുറിച്ചു.

Exit mobile version