Site iconSite icon Janayugom Online

സ്കൂൾ വിദ്യാർഥിനികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ദൃശ്യങ്ങൾ വൈറലായി, പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

സ്കൂൾ വിദ്യാർഥിനികൾ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രിൻസിപ്പലിനു സസ്പെൻഷൻ. നൂറ്റമ്പതിലേറെ ആദിവാസി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളായ തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ പലക്കോടിലാണ് സംഭവം. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലായിട്ടാണ് കുട്ടികള്‍ ഇവിടെ പഠിക്കുന്നത്. യൂണിഫോം ധരിച്ച പെൺകുട്ടികൾ ചൂലും പിടിച്ച് ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനു പിന്നാലെ വൻ ജനരോക്ഷവും ഉയര്‍ന്നിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിനു പരാതി നല്‍കുകയായിരുന്നു.

ശുചിമുറി വൃത്തിയാക്കൽ, പരിസരം തൂത്തുവാരൽ, വെള്ളമെടുക്കൽ തുടങ്ങിയ ജോലികൾ ചെയ്യാൻ പ്രധാനാധ്യാപിക കുട്ടികളെ ഏൽപ്പിക്കുകയായിരുന്നെന്ന് അവർ ആരോപിച്ചു. സംഭവത്തിൽ നാട്ടുകാർ വൻ പ്രതിഷേധമാണ് ഉയർത്തിയത്. പ്രധാനാധ്യാപികയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്നു മുഖ്യ വിദ്യാഭ്യാസ ഓഫിസർ (സിഇഒ) അന്വേഷണം പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. 

Exit mobile version