Site icon Janayugom Online

ആക്രി നല്‍കാം ഇനി മൊബൈല്‍ ആപ്പ് വഴി

കാലത്തിനൊത്ത് മാറ്റത്തിന്റെ പാതയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി കേരളത്തിലെ ആക്രി വ്യവസായ മേഖല. പാഴ്വസ്തുക്കള്‍ വില്‍ക്കുവാന്‍ ഇനി ആക്രി കടകള്‍ തോറും കയറിയിറങ്ങേണ്ട ആവശ്യമില്ല. വീടുകളിലെയും ഓഫീസുകളിലെയും പാഴ്വസ്തുക്കള്‍ വില്‍ക്കുവാന്‍ ആക്രിക്കട എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍. 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് AAKRI KADA എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാം. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഉപേക്ഷിക്കേണ്ട പാഴ്വസ്തുക്കളുടെ ചിത്രങ്ങളും ചെറുവിവരണവും മൊബൈല്‍ ആപ്ലിക്കേഷനില്‍ അപ്‍ലോഡ് ചെയ്യാം. അപ്‍ലോഡ് ചെയ്യുന്ന സ്ഥലത്തെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുളള ആക്രി വ്യാപാരികള്‍ക്ക് വിവരം ലഭിക്കും. തുടര്‍ന്ന് വിലവിവരത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ധാരണ ലഭിക്കുകയും ഇഷ്ടമുള്ള വ്യാപാരിയുമായി കച്ചവടമുറപ്പിക്കാനും സാധിക്കും. സൗകര്യപ്രദമായ സമയവും ആപ്പിലൂടെ നിര്‍ദേശിക്കാം.അംഗീകൃത യൂണിഫോമിലെത്തുന്ന ജീവനക്കാര്‍ തൂക്കത്തിനനുസരിച്ച് വില നല്‍കി സാധനങ്ങള്‍ ശേഖരിക്കും. 

തെര്‍മോക്കോള്‍, റെക്സിന്‍ തുടങ്ങി റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്തവ സ്വീകരിക്കില്ല. 3000 ത്തില്‍പ്പരം കച്ചവടക്കാര്‍ മൊബൈല്‍ ആപ്പിന്റെ ഭാഗമാണ്. ആക്രിക്കട മൊബൈല്‍ ആപ്ലിക്കേഷന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം മസ്‌ക്കറ്റ് ഹോട്ടലില്‍ വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിച്ചു. നവീനമായ ഈ സംരഭം ആക്രി മേഖലയിലെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുതാര്യവും സുരക്ഷിതത്വവുമാക്കിതീര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.

Eng­lish Summary:waste mate­ri­als can give through mobile apps
You may also like this video

Exit mobile version