Site iconSite icon Janayugom Online

ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി; 500 ടണ്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മ്മാണം മേയില്‍

ബ്രഹ്മപുരത്ത് 500 ടണ്‍ ശേഷിയുള്ള മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം മേയില്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം. പദ്ധതിയുടെ നടത്തിപ്പിന് സഹായിക്കാനുള്ള ട്രാന്‍സാക്ഷന്‍ അഡ്‌വൈസേഴ്‌സിനെ നിയോഗിക്കാനായി ശുചിത്വ മിഷന്‍ സെപ്റ്റംബറില്‍ താല്പര്യപത്രം ക്ഷണിച്ചിരുന്നു. ജൈവമാലിന്യത്തില്‍ നിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉല്പാദിപ്പിക്കാനായി ബിപിസിഎല്‍ നടപ്പാക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം ബ്രഹ്മപുരത്ത് പൂര്‍ത്തിയായിട്ടുണ്ട്.

എന്നാല്‍ പുനരുപയോഗിക്കാനാകാത്ത, കത്തിച്ച് ഇന്ധനമായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന, പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം സംസ്കരിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ല. നിലവില്‍ ഇത് സംസ്‌കരിക്കാന്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് കൊണ്ടുപോകുകയാണ്. സംസ്ഥാനത്തുണ്ടാകുന്ന ഇത്തരം മാലിന്യം മുഴുവന്‍ കത്തിച്ച് ഊര്‍ജം ഉല്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. ലോകബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വ മിഷനും കൊച്ചി കോര്‍പറേഷനുമായി ചേര്‍ന്ന് തയ്യാറാക്കിയ ബ്രഹ്മപുരം മാസ്റ്റര്‍ പ്ലാനില്‍ ഈ പ്ലാന്റും ഉള്‍പ്പെട്ടിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തെ കൊച്ചി കോര്‍പറേഷന്‍ മേയര്‍ വി കെ മിനിമോള്‍ സ്വാഗതം ചെയ്തു.

Exit mobile version