Site iconSite icon Janayugom Online

യൂ ട്യൂബിൽ നോക്കി തടി കുറക്കാൻ വെൺകാരം കഴിച്ചു; പെൺകുട്ടി മരിച്ചു

യൂട്യൂബ് ചാനലിൽ കണ്ടതു പ്രകാരം തടി കുറക്കുന്നതിനായി വെൺകാരം (ബോറാക്സ്) കഴിച്ച ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി മരിച്ചു. സെല്ലൂരിലെ നരിമേടിലുള്ള പ്രമുഖ വനിത കോളജിലെ വിദ്യാർഥിനി കലൈയരശിയാണ് (19) മരണപ്പെട്ടത്. സാധാരണ ഗതിയിൽനിന്ന് അൽപം തടി കൂടുതലുള്ള കലൈയരശി തടി കുറക്കുന്നതിനുള്ള പല വഴികളും ശ്രമം നടത്തിയിരുന്നു. ഇതിനായി യൂട്യൂബിൽനിന്നുള്ള പല ടിപ്സുകളും പരീക്ഷിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഒരു യൂ ട്യൂബ് ചാനലിൽ വെൺകാരം കഴിച്ചാൽ തടി കുറക്കാമെന്ന് കണ്ടത്. ഇതോടെ വെൺകാരം ഉപയോഗിക്കുകയിരുന്നു. 

ജനുവരി 16നാണ് ഇതിനായി ​കലൈ​ശൈൽവി വെൺകാരം വാങ്ങിയത്. തൊട്ടടുത്ത ദിവസം അത് കഴിക്കുകയും ചെയ്തു. വൈകാതെ ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ട കലൈയരശിയെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കുശേഷം നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാൽ, രാത്രിയോടെ വയറിളക്കവും ഛർദ്ദിയും വീണ്ടും കൂടുകയും ആശുപത്രിയിലാക്കുകയായിരുന്നു. ആശുപത്രിയിൽവെച്ച് പെൺകുട്ടി മരണപ്പെടുകയായിരുന്നു. മീനാംബാൾപുരത്തെ കൂലിപ്പണിക്കാരനായ വേൽ മുരുകന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. സംഭവത്തിൽ സെല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version