Site iconSite icon Janayugom Online

പലസ്തീനികളെ നിരീക്ഷിക്കുന്നു; ഇസ്രയേലുമായുള്ള സാങ്കേതിക സഹകരണം മെെക്രോസോഫ്റ്റ് നിര്‍ത്തിവച്ചു

ഇസ്രയേല്‍ സൈന്യവുമായുള്ള സാങ്കേതിക സഹകരണം നിര്‍ത്തിവച്ച് മൈക്രോസോഫ്റ്റ്. പ്രതിരോധ മന്ത്രാലയത്തിലെ ഒരു യൂണിറ്റിന് നല്‍കിയിരുന്ന പ്രത്യേക ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ഐഎംഒഡി) സേവനങ്ങളാണ് അവസാനിപ്പിച്ചത്. പലസ്തീനികളെ നിരീക്ഷിക്കുന്നതിനായി ഇസ്രയേല്‍ തങ്ങളുടെ സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ ഈ നടപടി.

ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ദശലക്ഷക്കണക്കിന് പലസ്തീന്‍ പൗരന്മാരുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കാന്‍ മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. അതേസമയം പൗരന്മാരുടെ കൂട്ട നിരീക്ഷണത്തിന് സഹായിക്കുന്ന സാങ്കേതികവിദ്യ തങ്ങള്‍ നല്‍കുന്നില്ലെന്നും ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും കമ്പനി ഈ തത്വം പാലിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു.

സേവന നിബന്ധനകളും ധാര്‍മിക മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് നടപടികള്‍ സ്വീകരിച്ചതെന്നും കമ്പനി വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഇസ്രയേല്‍ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കമ്പനി നയത്തിനെതിരെ പ്രതിഷേധിച്ച ജീവനക്കാരെ ഓഫിസില്‍ നിന്ന് പുറത്താക്കിയ സംഭവവുമുണ്ടായി.

Exit mobile version