Site iconSite icon Janayugom Online

ജല അതോറിട്ടി ചലച്ചിത്ര രംഗത്തേക്ക്

പൂര്‍ണമായും സാമ്പത്തിക തകര്‍ച്ചയിലായ സംസ്ഥാന ജല അതോറിട്ടി ജലേതര വരുമാനത്തില്‍ കണ്ണുനട്ട് പുതുവഴികള്‍ തേടുന്നു. കെഎസ്ആര്‍ടിസി കഴിഞ്ഞാല്‍ ഏറ്റവുമധികം നഷ്ടം വാരിക്കൂട്ടുന്ന അതോറിട്ടി ഇതര മേഖലകളില്‍ നിന്നു വരുമാനമുണ്ടാക്കാനുള്ള ഒരു സമഗ്ര പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചതായി അതോറിട്ടി എം ഡി എസ് വെങ്കിടേശപതി വെളിപ്പെടുത്തി. സിനിമാ ഷൂട്ടിങ്ങില്‍ അതോറിറ്റിയും പങ്കാളിയാകുമെന്നാണ് ഒരു പദ്ധതി. ശുദ്ധജല വിതരണ പദ്ധതികളായ അരുവിക്കര, പേപ്പാറ തുടങ്ങിയ പ്രകൃതി രമണീയമായ പ്രദേശങ്ങള്‍ ഫിലിം ഷൂട്ടിങ്ങിന് വാടകയ്ക്കു നല്കി വരുമാനമുണ്ടാക്കാനാണ് ഉദ്ദേശം.

വെള്ളക്കരം ഗണ്യമായി വര്‍ധിപ്പിച്ചിട്ടും അതോറിട്ടിയുടെ ഇപ്പോഴത്തെ നഷ്ടം 4911.43 കോടി രൂപയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുമാത്രം പിരിഞ്ഞുകിട്ടാനുള്ളത് 1591.8 കോടി രൂപയാണെന്നാണ് അതോറിട്ടിയുടെ കണക്ക്. നിയമസഭയില്‍ മന്ത്രി സമര്‍പ്പിച്ച കണക്കനുസരിച്ചാണെങ്കില്‍ പിരിച്ചെടുക്കാനുള്ള കുടിശിക 2567.05 കോടി രൂപ.

കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ 9.4 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ നഷ്ടത്തിലുണ്ടായ വര്‍ധന 38.75 ശതമാനം. കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടം 1504 കോടി രൂപ. ദുര്‍വഹമായ വെള്ളക്കരം മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുടാപ്പുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വരുമാനത്തില്‍ ഇനിയും ഭീമമായ ഇടിവുണ്ടാകുമെന്നാണ് സൂചന. ഇക്കണക്കിനു പോയാല്‍ ഏറെ വൈകാതെ തന്നെ ജല അതോറിട്ടിക്കു താഴിടേണ്ടിവരുമെന്ന ആശങ്കയിലാണ് അതോറിട്ടി. അതിജീവനത്തിനുള്ള പുതുവഴികള്‍ തേടുന്ന കൗതുക പദ്ധതികള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത് അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി പുലബന്ധമില്ലാത്ത പുതിയ പദ്ധതികളെന്നു അതോറിറ്റിയിലെ എന്‍ജിനീയര്‍മാരും ജീവനക്കാരും പരിഹസിക്കുന്നത്. വൈദ്യുതി ബോര്‍ഡും പഞ്ചായത്തുകള്‍ പോലും നടപ്പാക്കുന്ന സോളാര്‍ വൈദ്യുത പദ്ധതിയും അതോറിട്ടി നടപ്പാക്കുമെന്നാണ് സര്‍ക്കാരിനു സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഒന്ന്.

എടിഎമ്മുകള്‍, വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിവ തുടങ്ങും. മൊബൈല്‍ ഷോപ്പുകളുടെ ശൃംഖല തുടങ്ങുകയാണ് മറ്റൊരു അതിജീവന പദ്ധതി. അതോറിറ്റിയുടെ സ്ഥലങ്ങളില്‍ അതിഥി മന്ദിരങ്ങള്‍ നിര്‍മ്മിച്ചു വാടകയ്ക്കു കൊടുക്കുകയാണ് മറ്റൊരു പദ്ധതി. ജല അതോറിട്ടിയെ പുനര്‍ജനിപ്പിക്കാനുള്ള കണ്‍സള്‍ട്ടന്‍സിക്കു കെല്പില്ലെന്നു തെളിയിച്ച അതോറിട്ടി പക്ഷേ, മറ്റുള്ളവര്‍ക്ക് ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിക്കുള്ള സ്ഥാപനം തുടങ്ങും. ഈ അതിജീവന പദ്ധതിയെക്കുറിച്ചുള്ള വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അതോറിറ്റിയോടാവശ്യപ്പെട്ടിട്ടുണ്ട്. അതേത്തുടര്‍ന്ന് ഈ ജലവിതരണേതര പദ്ധതികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദഗ്ധ സമതിയേയും ഇതിനകം അതോറിട്ടി രൂപീകരിച്ചിട്ടുണ്ട്.

പൊതു കുടിവെള്ള ടാപ്പുകള്‍ ഓര്‍മ്മയാകും

സര്‍ക്കാരും ദരിദ്ര ജനങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ പ്രതീകങ്ങളായ സംസ്ഥാനത്തെ പൊതു ടാപ്പുകള്‍ ഇനി ഓര്‍മ്മയായേക്കാം.
ദുര്‍വഹമായ വെള്ളക്കരം താങ്ങാനാവാതെ പൊതു ടാപ്പുകള്‍ നിര്‍ത്തലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപകമായി തീരുമാനമെടുക്കുന്നു. കിണറോ പൊതു ജലവിതരണ കണക്ഷനോ ഇല്ലാത്ത പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ശുദ്ധജലം സൗജന്യമായി വിതരണം ചെയ്യുന്ന രണ്ടുലക്ഷത്തില്‍ പരം പൊതു ടാപ്പുകളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ പുതുക്കിയ വെള്ളക്കരമനുസരിച്ച് ഇനി പഞ്ചായത്തുകള്‍ ടാപ്പ് ഒന്നിന് 14,559 രൂപയാണ് അതോറിറ്റിയില്‍ ഒടുക്കേണ്ടത്. കോര്‍പ്പറേഷനുകളും മുനിസപ്പാലിറ്റികളും 21,838 രൂപയും. മുമ്പ് ഇത് യഥാക്രമം 5,520 രൂപയും 7,884 രൂപയുമായിരുന്നു. മൂന്നിരട്ടി വര്‍ദ്ധന.
സ്വതേ സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ ഭീമമായ വെള്ളക്കര വര്‍ധന താങ്ങാവുന്നതിലുമപ്പുറമാണ്. സംസ്ഥാനത്ത് ആയിരത്തിലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്.

ഓരോ ടാപ്പിന്റെയും വെള്ളക്കരം ഒന്നിച്ച് മുന്‍കൂറായി അടയ്ക്കണം. പ്രവര്‍ത്തന രഹിതമായ പൊതു ടാപ്പുകള്‍ക്കും അതോറിട്ടി ബില്‍ നല്കുന്നു. ഈ സാഹചര്യത്തില്‍ ഭീമമായ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1000 രൂപ ഫീസടച്ച് ഒന്നേമുക്കാല്‍ ലക്ഷം പൊതു ടാപ്പുകള്‍ നിര്‍ത്തലാക്കാന്‍ ജല അതോറിട്ടിക്ക് അപേക്ഷ നല്കിയിട്ടുണ്ട്. പാവപ്പെട്ടവരുടെ കുടിനീര്‍ ലഭ്യതയാണ് ഇതോടെ പ്രതിസന്ധിയിലാവുക.

Eng­lish Summary;Water Author­i­ty to the film industry

You may also like this video

Exit mobile version