വേമ്പനാട് കായലിലെ ജലനിരപ്പ് താഴുന്നത് ജലഗതാഗത മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ തകരാറാകുന്നത് സർവീസുകളെ ബാധിക്കുന്നു. ഇത് കാരണം വൻ നഷ്ടമാണ് ഓരോ ദിവസവും സംഭവിക്കുന്നത്.
സർവീസ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പുതന്നെ ബോട്ടുകൾ പരിശോധിച്ചുവിടുന്നതാണ് പതിവ്. എന്നാൽ, യാത്രാമധ്യേ പ്രൊപ്പല്ലറുകൾ ചെളിയിൽ പൂണ്ട് എൻജിനുകൾ തകരാറാകുന്നത് പതിവാകുകയാണ്. ഇക്കാരണത്താൽ പലപ്പോഴും സർവീസുകൾക്ക് സമയക്രമം പാലിക്കാൻ കഴിയുന്നില്ല. തകരാർ പരിഹരിക്കാൻ മൂന്നുമുതൽ അഞ്ച് ദിവസം വരെ എടുക്കാറുണ്ട്.
ജലഗതാഗത വകുപ്പിന്റെ സർവീസുകൾ മാത്രമല്ല ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകളടക്കം 1700 ജലയാനങ്ങളാണ് വേമ്പനാട് കായലിൽ സർവീസ് നടത്തുന്നത്. വെള്ളത്തിൽ സ്ഥാപിച്ച കുറ്റികൾ എല്ലാം അപകടകരമായ രീതിയിൽ പൊങ്ങി നിൽക്കുകയാണ്. ഇത് രാത്രി കാലങ്ങളിൽ പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വേനൽ കടുത്തതോടെ പ്രശ്നം കൂടുതൽ ഗുരുതരമാക്കി. ചതുപ്പ് നിലമായി മാറുന്ന വേമ്പനാട് കായലിന് ഇനി എത്രനാൾ അതിജീവിക്കാനാകുമെന്നാണ് വിദഗ്ധർ ഉറ്റുനോക്കുന്നത്.
വേനലവധിയായതോടെ ജലഗതാഗത രംഗത്ത് തിരക്ക് വർധിച്ചിരിക്കുകയാണ്.
ടൂറിസം മേഖലകളെല്ലാം ഉണർന്നു കഴിഞ്ഞു. വേമ്പനാട് കായൽ നേരിടുന്ന പ്രശ്നങ്ങൾ ടൂറിസം രംഗത്തേക്ക് കൂടി വളരെ വേഗം പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, വേനൽകാരണം പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ തുടങ്ങി നദികളെല്ലാം വരണ്ടു തുടങ്ങികഴിഞ്ഞു. ആവശ്യത്തിന് വേനൽ മഴ ലഭിക്കാതെ വന്നതും കാര്യങ്ങളെല്ലാം തകിടംമറിഞ്ഞു. നേരത്തെ നൽകിയ കാലാവസ്ഥ പ്രവചനമനുസരിച്ച് ജൂൺ വരെ സ്ഥിതിയിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. മഴ വൈകാനിടയായാൽ ജല പ്രതിസന്ധി രൂക്ഷമാകും.
English Summary;Water level drops in Vembanad dam; Water transport sector in crisis
You may also like this video