ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. 139.85 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്.
ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി തുടരുകയാണ്. നാലായിരത്തോളം ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് മാറ്റമില്ല. 556 ഘന അടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
141 അടി വരെ റൂൾ ലെവൽ പ്രകാരം തമിഴ്നാടിന് വെള്ളം സംഭരിക്കാനാകും. ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 2398.32 അടിയാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജലസംഭരണിയുടെ പൂർണ്ണ സംഭരണശേഷി 2403.00 അടിയാണ്. റൂൾ കർവ് പ്രകാരം റെഡ് അലർട്ട് 2399.03 അടിയാണ്. ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യത ഉള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
ENGLISH SUMMARY:Water level in Mullaperiyar rises to 140 feet
You may also like this video