കടുത്ത ചൂടിൽ ജലസ്രോതസ്സുകൾ വറ്റിയതോടെതണ്ണിത്തോട്ടിൽ ജലക്ഷാമം രൂക്ഷം. നീരൊഴുക്ക് നിലച്ചതോടെ കല്ലാറിന്റെ പല ഭാഗങ്ങളും കൽ പരപ്പായി മാറി. കയങ്ങളിലേക്ക് വെള്ളം വലിഞ്ഞു. മാസങ്ങൾക്ക് മുൻപ് തന്നെ മേഖലയിലെ തോടുകൾ വരണ്ടു. വേനൽ മഴയും കനഞ്ഞില്ല. മലയോരത്തേക്ക് കാര്യമായ വേനൽമഴ ലഭിച്ചില്ല.
കിണറുകളും കുളങ്ങളും വറ്റിയതോടെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. മിക്ക ഭാഗങ്ങളിലും ജല പദ്ധതിയുടെ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. പൈപ്പ് പൊട്ടലും ചോർച്ചയും യഥാസമയം പരിഹാരിക്കാത്തതിനാൽ ആവശ്യത്തിന് വെള്ളം കിട്ടാതെ ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. സെൻട്രൽ ജംക്‌ഷൻ, മേക്കണ്ണം എന്നിവിടങ്ങളിൽ ആഴ്ചകളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. പറക്കുളം, മേക്കണ്ണം അമ്പലം ഭാഗം, ഇടക്കണ്ണം, കെകെ പാറ എന്നിവിടങ്ങളിൽ പൈപ്പ് വെള്ളമെത്തിയിട്ട് ഒരു മാസത്തോളമായെന്ന് പ്രദേശവാസികൾ പറയുന്നു.

