സംസ്ഥാനത്തെ ജലാശയങ്ങളിൽ ആകെ ജലശേഖരം 83 ശതമാനമായി ഉയർന്നു. നിലവിൽ 3421.397 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം എല്ലാ ഡാമുകളിലുമായിട്ടുണ്ട്. ഈ മാസം ഇന്നലെ വരെ 570. 323 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്ക് ആവശ്യമായ നീരൊഴുക്ക് പ്രതീക്ഷിച്ച സ്ഥാനത്ത് ഇന്നലെ വരെ ലഭിച്ചത് 670. 432 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ജലമാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജലശേഖരത്തിൽ 372.519 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്ക്.
ജലവൈദ്യുത പദ്ധതിയുടെ കേന്ദ്രമായ ഇടുക്കി ഡാമിലെ ജലശേഖരം 81 ശതമാനമാണ്. 2386.7 അടിയാണ് ഇന്നലെ ഡാമിലെ ജലനിരപ്പ്. പമ്പയിൽ 83 ശതമാനവും ഷോലയാറിൽ 96 ഉം ഇടമലയാർ 81 ഉം കുണ്ടളയിൽ 94 ഉം മാട്ടുപ്പെട്ടിയിൽ 93 ഉം ആനയിറങ്കൽ 100, പൊന്മുടി91,നേര്യമംഗലം 73 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജലാശയങ്ങളിലെ ജലശേഖരം.
അതേസമയം സംസ്ഥാനത്ത് വൈദ്യുതോപഭോഗം അനുദിനം വർധിച്ചു വരികയാണ്. ശരാശരി 74.6444 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിന ഉപയോഗം. ഇന്നലെ രാവിലെ വരെ സംസ്ഥാനത്ത് 76.8853 ദശലക്ഷം വൈദ്യുതി ആവശ്യമായി വന്നു. പുറത്ത് നിന്ന് 51.5763 ദശലക്ഷം യൂണിറ്റ് വൈദ്യുതി എത്തിച്ചപ്പോൾ 25.3089 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ആഭ്യന്തര ഉല്പാദനം.
അതേസമയം സംസ്ഥാനത്ത് ഒക്ടോബർ 1 മുതൽ ഇന്നലെ വരെ ലഭിച്ച മഴയുടെ ലഭ്യതയിൽ 25 ശതമാനത്തിന്റെ കുറവുണ്ട്. സാധാരണയായി 271 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ സംസ്ഥാനത്ത് ലഭിച്ചത് 202.2 മില്ലി മീറ്റർ മഴയാണ്. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും മഴയുടെ ലഭ്യത ഈ മാസം കുറവായിരുന്നു. ഇടുക്കിയിലാണ് ഈ മാസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 388.3 മില്ലിമീറ്റർ മഴയാണ് ഇടുക്കിയിൽ ഈ മാസം രേഖപ്പെടുത്തിയത്. കണ്ണൂർ, തൃശൂർ ജില്ലകളിലാണ് ഈ മാസം ഏറ്റവും കുറവ് മഴ ലഭിച്ചത്. മഴയുടെ ലഭ്യതയിൽ കണ്ണൂരിൽ 66 ശതമാനത്തിന്റെയും തൃശൂരിൽ 63 ശതമാനത്തിന്റെയും കുറവ് ഉണ്ടായതായിട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്.
English Summary:Water storage exceeding expectations; increased to 83 percent
You may also like this video