Site iconSite icon Janayugom Online

ഡാമുകളിലെ ജലശേഖരം 71 ശതമാനം

തുലാവർഷം ആരംഭിച്ചതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെ ജലശേഖരം മുൻ വർഷത്തേതിനെക്കാൾ ഉയർന്ന നിലയിൽ.
സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുള്ള ഡാമുകളിലെ ആകെ ജലശേഖരം സംഭരണ ശേഷിയുടെ 71 ശതമാനമായി ഉയർന്നു. നിലവിൽ ഡാമുകളിൽ ആകെ 2929.722 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലം ഉണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 443.05 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലമാണ് അധികമായുള്ളത്. ഈ മാസം സംസ്ഥാനത്തെ ഡാമുകളിലെല്ലാമായി 808.858 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലം ഒഴുകിയെത്തുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. ഇന്നലെ വരെ 465.126 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം ഒഴുകിയെത്തിയിട്ടുണ്ട്. ഇടുക്കി ഡാമിൽ ജലശേഖരം ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 69 ശതമാനമാണ്. 

നിലവിൽ സംസ്ഥാനത്ത് മഴയുടെ ലഭ്യത സാധാരണ നിലയിലാണ്. ഈ മാസം ഒന്നു മുതൽ ഇന്നലെ വരെ കേരളത്തിൽ 228.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. സാധാരണയായി 262.4 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. മഴക്കുറവ് 13 ശതമാനം മാത്രമാണ്. വരും ദിവസങ്ങളിൽ ഈ കുറവ് മറികടന്നേക്കുമെന്നാണ് കാലാവാസ്ഥ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. 

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് തുലാമഴ കൂടുതൽ ലഭിച്ചിരിക്കുന്നത്. കോഴിക്കോട് 46 ശതമാനവും തിരുവനന്തപുരത്ത് 36 ശതമാനവും അധിക മഴയാണ് ഈ മാസം ഇതുവരെ ലഭിച്ചത്. ഇന്നലെ വരെ കോഴിക്കോട് ജില്ലയിൽ 372 മില്ലിമീറ്ററും തിരുവനന്തപുരത്ത് 304.5 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. കണ്ണൂർ, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെല്ലാം മഴയുടെ ലഭ്യത സാധാരണ നിലയിലാണ്. 

Exit mobile version