കനത്ത മഴയെ തുടര്‍ന്ന് ബെംഗളുരുവില്‍ വെള്ളക്കെട്ട്. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഈ ആഴ്ചയില്‍ രണ്ടാംതവണയാണ് ബംഗളുരു മഴക്കെടുതിയില്‍ വലയുന്നത്. റോഡുകള്‍ പുഴയ്ക്ക് സമാനമായതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കി. കഴിഞ്ഞ ദിവസം രാത്രി പെയ്ത പെരുമഴയില്‍ അപ്പാര്‍ട്ട്മെന്റുകളുടെ താഴ്ഭാഗത്തും വീടുകളിലും വെള്ളക്കെട്ടായി.
അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കോസ്‌പേസ് ഔട്ടര്‍ റിങ് റോഡ്, ബെല്ലന്ദുര്‍, കെ ആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംക്ഷന്‍ തുടങ്ങിയ മേഖലകളിലും സ്ഥിതി രൂക്ഷമാണ്. എച്ച്‌ബിആര്‍ ലേഔട്ടിലെ വീടുകളില്‍ വെള്ളം കയറിയതോടെ ഐടി മേഖലയും പ്രയാസത്തിലായി.
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡില്‍ കിടക്കുന്ന വാഹനങ്ങളടക്കം മുങ്ങി. മരങ്ങള്‍ കടപുഴകി വീണും മറ്റും അപകടങ്ങളുമുണ്ടായി. അപകട സാധ്യതയുളള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു വരികയാണ്.
ഓഗസ്റ്റ് 30 നും ഇതേ അവസ്ഥ തന്നെയായിരുന്നു ബംഗളുരുവിലുണ്ടായത്. മഴദുരിതം നൂറുകണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് ഐടി, ബാങ്ക് മേഖലയിലെ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഗതാഗതതടസത്തില്‍ പെട്ടതുകാരണം ഐടി കമ്പനികള്‍ക്ക് 225 കോടി നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്, ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഐടി കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയേക്കും.
English Summary: Waterlogging in Bengaluru due to heavy rains
You may also like this video