ടെന്നീസ് ലോകത്തെ ഇതിഹാസ താരങ്ങളിൽ ഒരാളായ സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക വിരമിക്കൽ പ്രഖ്യാപിച്ചു. 2026 ഓടെ പ്രൊഫഷണൽ ടെന്നീസിനോട് പൂർണമായും വിടപറയുമെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. അടുത്ത സീസണ്‍ കൂടി കളിച്ച് തന്റെ നീണ്ട കരിയർ ഏറ്റവും മികച്ച രീതിയിൽ അവസാനിപ്പിക്കാനാണ് 40കാരനായ താരം ലക്ഷ്യമിടുന്നത്. 2026 ജനുവരി 2ന് പെർത്തിൽ ആരംഭിക്കുന്ന യുണൈറ്റഡ് കപ്പോടെ അദ്ദേഹം തന്റെ വിടവാങ്ങൽ യാത്രയ്ക്ക് തുടക്കം കുറിക്കും. റോജർ ഫെഡറർ, റാഫേൽ നദാൽ, നോവാക് ജോക്കോവിച്ച് എന്നീ മൂവർ സംഘം ടെന്നീസ് ലോകം ഭരിച്ചിരുന്ന സുവര്‍ണ കാലഘട്ടത്തിലാണ് വാവ്റിങ്ക തന്റെ മികവ് തെളിയിച്ചത്. മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ അദ്ദേഹം, ബിഗ് ത്രീ എന്ന് വിളിക്കപ്പെടുന്ന ഈ മൂന്ന് താരങ്ങളെയും ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ തോല്പിച്ചിട്ടുള്ള അപൂർവം കളിക്കാരിൽ ഒരാളാണ്.
2014 ഓസ്‌ട്രേലിയൻ ഓപ്പൺ, 2015 ഫ്രഞ്ച് ഓപ്പൺ, 2016 യുഎസ് ഓപ്പൺ എന്നിങ്ങനെ കിരീടങ്ങള്‍ നേടി. 2008ൽ ബീജിങ് ഒളിമ്പിക്സിൽ റോജർ ഫെഡറർക്കൊപ്പം ഡബിൾസിൽ സ്വർണ മെഡലും സ്വന്തമാക്കി, 2014‑ൽ സ്വിറ്റ്‌സർലാൻഡിനെ ആദ്യമായി ഡേവിസ് കപ്പ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. കരിയറിൽ ആകെ 16 എടിപി സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായ അദ്ദേഹത്തിന് പിന്നീട് പഴയ ഫോമിലേക്ക് മടങ്ങിവരാൻ കഴിഞ്ഞില്ല. നിലവിൽ ലോക റാങ്കിങ്ങിൽ 157-ാം സ്ഥാനത്താണ് അദ്ദേഹം.

