ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി, വയനാട് ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും ഇന്ന് വിധിയെഴുതും. രണ്ടു മണ്ഡലങ്ങളിലുമായി പതിനാറര ലക്ഷത്തിലേറെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. വയനാട് മണ്ഡലത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. 1,354 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മണ്ഡലത്തിലാകെ 14,71,742 വോട്ടര്‍മാരാണുള്ളത്. 2004 സർവീസ് വോട്ടര്‍മാരുണ്ട്. ഭിന്നശേഷിക്കാരും 85 വയസിന് മുകളില്‍ പ്രായമുള്ളവരുമായി 11,820 വോട്ടര്‍മാരാണുള്ളത്. 7,519 പേരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ സന്നദ്ധരായത്. ഏറ്റവും കൂടുതല്‍ സർവീസ് വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലാണ്- 458 പേര്‍.
54 മൈക്രോ ഒബ്സര്‍വര്‍മാരും 578 പ്രിസൈഡിങ് ഓഫിസര്‍മാരും 578 സെക്കന്‍ഡ് പോളിങ് ഓഫിസര്‍മാരും 1156 പോളിങ് ഓഫിസര്‍മാരുമാണ് വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിക്കുക. എല്‍ഡിഎഫ് പ്രതിനിധി സത്യന്‍ മോകേരി, യുഡിഎഫിലെ പ്രിയങ്കാ ഗാന്ധി, ബിജെപിയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രധാന എതിരാളികള്‍. ചേലക്കര നിയമസഭാ മണ്ഡലത്തില്‍ 2,13,103 വോട്ടർമാരാണുള്ളത്. 180 പോളിങ് ബൂത്തുകളുണ്ട്. ഇതില്‍ 14 എണ്ണം പ്രശ്നബാധിതമാണ്. എല്ലാ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെറുതുരുത്തി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ഒരുക്കിയ കമാൻഡ് കൺട്രോൾ റൂമിൽ ബൂത്തുകളിൽ നിന്നുള്ള വെബ്കാസ്റ്റിങ് നിരീക്ഷിക്കും.
പ്രശ്നബാധിത ബൂത്തുകളില്‍ മൈക്രോ ഒബ്സർവർമാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നസാധ്യതാ ബൂത്തുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. റിസർവ് ഉൾപ്പെടെ 864 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് കീഴിൽ 600ലധികം ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയെയുമാണ് വിന്യസിക്കുന്നത്.
എല്‍ഡിഎഫിനുവേണ്ടി യു ആര്‍ പ്രദീപ്, യുഡിഎഫ് പ്രതിനിധി രമ്യ ഹരിദാസ്, ബിജെപിയിലെ കെ ബാലകൃഷ്ണന്‍ എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.