Site iconSite icon Janayugom Online

വയനാട്ടില്‍ 16കാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾകൂടി പിടിയിൽ

വയനാട് കൽപറ്റയിൽ 16കാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കൽപറ്റ സ്വദേശി നാഫിലാണ് (18) അറസ്റ്റിലായത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. ഇതോടെ മൂന്ന് പേരാണ് കേസില്‍ പിടിയിലായത്. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ എൽപ്പിക്കുകയും ചെയ്തു. 

മർദന ദൃശ്യങ്ങൾ പുറത്തുവന്നതിനു ശേഷം നാഫിൽ മേപ്പാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് നാഫിലിനെ പൊലീസ് പിടികൂടിയത്. ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പതിനാറുകാരനെ ഫോണിലൂടെ വിളിച്ചുവരുത്തി ഒരുകൂട്ടം വിദ്യാർഥികൾ മർദിച്ചത്. മുഖത്തും തലയിലും പുറത്തും വടികൊണ്ടും മറ്റും അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Exit mobile version