രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ വയനാട് ദുരന്തം സംഭവിച്ചിട്ട് ഒരു മാസത്തോളമായിട്ടും കേന്ദ്ര സർക്കാർ യാതൊരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. 500 ലേറെ പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കു പറ്റുകയും ചൂരൽ മല, മുണ്ടക്കൈ, പുഞ്ചിരിമേട് തുടങ്ങിയ ജനവാസ കേന്ദ്രങ്ങൾ അപ്പാടെ നഷ്ടപ്പെടുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും സംസ്ഥാന സർക്കാർ മാതൃകാ പരമായ പ്രവർത്തനമാണ് നടത്തിയത്.
പുനരധിവാസ പ്രവർത്തനം കുറ്റമറ്റതായി നടപ്പിലാക്കണ മെന്നാണ് എ ഐ ടി യു സി യുടെ നിലപാട്. സർവ്വവും നഷ്ടപ്പെട്ട ജനങ്ങളെ ശരിയായ രീതിയിൽ പുനരധിവസിപ്പിക്കുന്നതിന് കോടിക്കണക്കിന് രൂപ ആവശ്യമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രി ദുരന്ത മേഖല സന്ദർശിച്ചതല്ലാതെ നാളിതുവരെ യാതൊരു സഹായവും പ്രഖ്യാപിച്ചിട്ടില്ല.
ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, ദുരിത ബാധിതരുടെ എല്ലാത്തരത്തി ലുമുള്ള ബാങ്ക് വായ്പകളും പൂർണ്ണമായും എഴുതി തള്ളണമെന്നും, തൊഴിലാളികൾക്കും തൊഴിൽ മേഖലക്കുമുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്തി നഷ്ടപരിഹാരം നൽകണമെന്നും ഇതിനായി കേന്ദ്ര സർക്കാർ അടിയന്തിരമായി ധനസഹായം നൽകണമെന്നും എ.ഐ.ടി.യു.സി. തൊഴിൽ സംരക്ഷണ സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.