Site iconSite icon Janayugom Online

വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളാൻ സാവകാശം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരുടെ താല്‍ക്കാലിക പുനരധിവാസം പൂർത്തിയായെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം സന്ദർശനം നടത്തിയെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം, ദേശീയ ദുരന്തനിവാരണ നിയമപ്രകാരം വായ്പകള്‍ എഴുതിത്തള്ളുന്നതിലടക്കം തീരുമാനമെടുക്കുന്നതിനായി കേന്ദ്രം സാവകാശം തേടി. ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങളിൽ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചർച്ച നടക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആറാഴ്ചയ്ക്കുള്ളില്‍ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുമെന്നും കേന്ദ്രം അറിയിച്ചു. നിയമപ്രകാരമുള്ള ദുരന്തനിവാരണ പദ്ധതികള്‍ വിവിധ വകുപ്പുകളില്‍ ആവിഷ്കരിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാണിച്ചു. 

ദുരന്ത നിവാരണ പദ്ധതികള്‍ സംബന്ധിച്ച്‌ ദേശീയ – സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടികള്‍, ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ എന്നിവരോട് മറുപടി നല്‍കാൻ കോടതി നിർദേശം നല്‍കി. ഹില്‍ സ്റ്റേഷനുകളില്‍ ഉള്‍ക്കൊള്ളാൻ കഴിയുന്ന ആളുകളുടെ എണ്ണം, മറ്റ് വിശദാംശങ്ങള്‍ എന്നിവ അറിയിക്കണം. സർക്കാർ ഇതുസംബന്ധിച്ച്‌ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിർദേശം നല്‍കണം. മൂന്നാഴ്ചയ്ക്കുള്ളില്‍ ജില്ലാ ഭരണകൂടങ്ങള്‍ സർക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മുന്നറിയിപ്പുകള്‍ അവഗണിച്ചതും മുൻകരുതലുകള്‍ എടുക്കാത്തതുമാണ് വയനാട് ദുരന്തത്തിന്റെ വ്യാപ്തിയേറ്റിയതെന്നാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. വയനാട്ടിലെ 29 വില്ലേജുകള്‍ ഉരുള്‍പൊട്ടല്‍ സാധ്യതയേറിയ പ്രദേശങ്ങളാണെന്ന് കണ്ടെത്തിയിട്ടും വേണ്ടത്ര മുന്നൊരുക്കങ്ങളോ പ്രതിരോധ നടപടികളോ സ്വീകരിച്ചിരുന്നില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. വയനാട്ടില്‍ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ദുരന്തരനിവാരണ മാനേജ്മെന്റ് പ്ലാനില്‍ പറഞ്ഞിരുന്നു. തീവ്ര ദുരന്തസാധ്യതാ മേഖലകളില്‍ പോലും മൈക്രോലെവലില്‍ മഴ സാധ്യതയോ ദുരന്തസാധ്യതയോ കണ്ടെത്തുന്നതിനും മുന്നറിയിപ്പുകള്‍ നല്‍കാനും ശാസ്ത്രീയ മാർഗം ഇല്ല. ഉരുള്‍പൊട്ടലില്‍ കോടതി സ്വമേധയാ എടുത്ത കേസ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്

Exit mobile version