വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി സൂചിപ്പാറക്കും പോത്തുകല്ലിനുമിടയിലെ സൺറൈസ് വാലി മേഖലയിൽ പ്രത്യേക ദൗത്യസംഘം നടത്തുന്ന പരിശോധന നടത്തുന്നു. സാധാരണ തിരച്ചിൽ സംഘങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത മേഖലയാണ് സൺറൈസ് വാലി. ദൗത്യസംഘത്തെ ഇവിടേക്ക് ഹെലികോപ്ടറിലെത്തിച്ച് എയർഡ്രോപ്പ് ചെയ്യുന്നത്.
തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ 23 മാറാട്ട ലൈറ്റ് ഇൻഫെന്ററി റെജിമെന്റിലെ ഘാതക് കമാൻഡോകളും കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന 12 അംഗ സംഘമാണ് മേഖലയിൽ തിരച്ചിൽ നടത്തുന്നത്. ബറ്റാലിയനുകളിലെ ഏറ്റവും ശാരീരിക ക്ഷമതയും കഴിവും അഭ്യാസമികവുമുള്ളവരെയാണ് ഘാതക് കമാൻഡോകളായി തെരഞ്ഞെടുക്കുന്നത്. ആറ് സൈനികരും കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ നാല് പേരും രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് സൺറൈസ് വാലിയിലെ തിരച്ചിൽ സംഘത്തിലുള്ളത്. എഡിജിപി എം ആർ അജിത്കുമാറിനാണ് ദൗത്യത്തിന്റെ ഏകോപന ചുമതല.
രാവിലെ എട്ട് മണിക്ക് പുറപ്പെടുമെന്നറിയിച്ചിരുന്ന സംഘവുമായി മോശം കാലവസ്ഥയെ തുടർന്ന് വൈകിയാണ് വ്യോമസേന ഹെലികോപ്ടർ കൽപ്പറ്റയിൽ നിന്ന് പുറപ്പെട്ടത്. പാറക്കൂട്ടങ്ങൾ ഏറെയുള്ള സൺറൈസ് വാലി. ഇവിടെ തിരച്ചിൽ ദുഷ്കരമായ മേഖലയാണ്. രക്ഷാസംഘം ആറ് പേരുള്ള രണ്ട് സംഘമായി സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരുകരകളിലും തിരച്ചിൽ നടത്തും. സമയമെടുത്ത് പാറയിടുക്കുകളിലടക്കം സൂക്ഷമമായ തിരച്ചിൽ നടത്താനാണ് തീരുമാനം. മൃതദേഹങ്ങൾ കണ്ടെത്തിയാൽ മേപ്പാടിയിലേക്ക് എയർലിഫ്റ്റ് ചെയ്യും.
English Summary: Wayanad Disaster: Special Task Force conducts inspection in Sunrise Valley
You may also like this video