Site iconSite icon Janayugom Online

വയനാട്‌ ഉരുള്‍പൊട്ടല്‍; കടം എഴുതിത്തള്ളുന്നത്‌ പരിശോധിക്കാൻ ബാങ്കുകൾക്ക്‌ നിർദേശം

വയനാട്‌ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‌ ഇരയായവരുടെ കടം എഴുതിത്തള്ളുന്നത്‌ പരിശോധിക്കാൻ ബാങ്കുകൾക്ക്‌ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി (എസ്‌എൽബിസി) നിർദേശം. അംഗങ്ങള്‍ മരിച്ച കുടുംബങ്ങളുടെയും കുടുംബനാഥനും കുടുംബനാഥയും മരിച്ചതിന്റെയും കണക്കുകൾ ശേഖരിക്കാനും എസ്‌എൽബിസി നിർദേശം നൽകിയിട്ടുണ്ട്‌. ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലുള്ള ചർച്ചയാണ്‌ നടന്നത്‌. കൃഷി വായ്പകൾക്കും ചെറുകിട ഇടത്തരം സംരംഭക വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ സമയത്ത്‌ തിരിച്ചടവ്‌ ആവശ്യമില്ല. കൃഷിയോഗ്യമല്ലാതായ ഭൂമിയുടെമേലുള്ള വായ്‌പയിൽ അതാത്‌ ബാങ്കുകൾ തീരുമാനമെടുക്കും. ഇൻഷുറൻസ്‌ ക്ലെയിം ചെയ്യാനുള്ള നടപടികളും ലഘൂകരിക്കും. 

ദുരന്തബാധിത മേഖലയിലെ 12 ബാങ്കുകളിലായി 35 കോടി രൂപയാണ്‌ ആകെ വായ്പാ ബാധ്യത. കൃഷി, എംഎസ്‌എംഇ വായ്പയാണ്‌ ഇതിലധികവും. ഗ്രാമീണ ബാങ്കാണ്‌ ഏറ്റവുമധികം വായ്‌പ വിതരണം ചെയ്‌തത്‌(15.44 കോടി). സെൻട്രൽ ബാങ്ക്‌ (6.69), കേരള ബാങ്ക്‌ (4.92), ബാങ്ക്‌ ഓഫ്‌ ബറോഡ (2.01), സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ (1.36), കനറ ബാങ്ക്‌ (1.29), കാർഷിക വികസന ബാങ്ക്‌ (1.02 കോടി), എസ്‌ബിഐ (99 ലക്ഷം), ഇന്ത്യൻ ബാങ്ക്‌ (15.87 ലക്ഷം), പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ (55 ലക്ഷം), ഇസാഫ്‌ (49 ലക്ഷം), ഫെഡറൽ ബാങ്ക്‌ (34.05 ലക്ഷം) എന്നീ ബാങ്കുകളും വായ്‌പ നൽകിയിട്ടുണ്ട്‌. 2,460 പേർക്ക്‌ കാർഷിക വായ്പയായി 19.8 കോടിയും 245 പേർക്ക്‌ 3.03 കോടിയും ചെറുകിട വായ്പയായി 515 പേർക്ക്‌ 12.47 കോടിയുമാണ്‌ നല്‍കിയിട്ടുള്ളത്. ഗ്രാമീണ ബാങ്ക്‌ വായ്പാ കുടിശിക ഈടാക്കിയത്‌ ശ്രദ്ധയിൽപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാലാണ്‌ ഇതുണ്ടായത്‌. ഈടാക്കിയ തുക ഞായറാഴ്ച രാത്രിയോടെ തിരികെ നൽകിയതായി എസ്‌എൽബിസി കൺവീനർ കെ എസ്‌ പ്രദീപ്‌ പറഞ്ഞു. 

Exit mobile version