Site iconSite icon Janayugom Online

വയനാട് ഉരുള്‍പൊട്ടല്‍: ഫണ്ട് നൽകിയത് 10 എംപിമാർ മാത്രം

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്ത പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് നല്‍കിയത് 10 എംപിമാര്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പി ടി എ റഹീം എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിന്ന് ലോക‌്സഭയിൽ — 20, രാജ്യസഭയിൽ — ഒമ്പത്, നോമിനേറ്റഡ് — രണ്ട് എന്നിങ്ങനെ 31 എംപിമാരാണുള്ളത്. ഇവരിൽ ജോൺ ബ്രിട്ടാസ് ‑ഒരുകോടി, പി സന്തോഷ് കുമാർ, പി പി സുനീർ, കെ രാധാകൃഷ്ണൻ, ഡോ. വി ശിവദാസൻ, എ എ റഹീം, ജോസ് കെ മാണി, ഷാഫി പറമ്പിൽ എന്നിവർ 25 ലക്ഷം വീതം, എൻ കെ പ്രേമചന്ദ്രൻ — 10 ലക്ഷം, പി ടി ഉഷ — അഞ്ച് ലക്ഷം എന്നിങ്ങനെയാണ് എംപിമാർ തങ്ങളുടെ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതായും ഇതുവഴി രാജ്യത്തെ മുഴുവൻ എംപിമാർക്കും തുക അനുവദിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള എംപിമാർ വയനാട് ദുരിതാശ്വാസത്തിനായി ലഭ്യമാക്കിയ തുക സംബന്ധിച്ച വിവരങ്ങൾ പാർലമെന്ററി കാര്യ വകുപ്പിൽ നിന്ന് ശേഖരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

Exit mobile version