Site iconSite icon Janayugom Online

ഉള്ളുപൊള്ളി ഷാക്കിറ പറഞ്ഞു ‘ഇതായിരുന്നു എന്റെ സ്കൂൾ’

തകർന്നുകിടക്കുന്ന ചൂരൽമല വെള്ളാർമല ജിവിഎച്ച്എസ്എസിന് മുന്നിലെത്തിയപ്പോൾ ഷാക്കിറയുടെ ഉള്ളം തേങ്ങി. സുഹൃത്തുക്കൾക്കൊപ്പം താൻ കളിച്ചു വളർന്ന സ്കൂൾ മുറ്റം, പ്രിയപ്പെട്ട അധ്യാപകരുടെ സ്നേഹസാന്ത്വനം അനുഭവിച്ച ക്ലാസ് മുറികൾ എല്ലാം തകർന്നടിഞ്ഞു കിടക്കുന്നു… പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ വേദനിച്ചുകൊണ്ട് സ്കൂളിന് നേരെ കൈചൂണ്ടി അവൾ പറഞ്ഞു, ‘ദേ… ഇതായിരുന്നെന്റെ സ്കൂൾ… അതൊക്കെയായിരുന്നു ഞാൻ പഠിച്ച ക്ലാസ് മുറികൾ…’ 

പത്താംക്ലാസ് വരെ ഷാക്കിറ പഠിച്ചത് വെള്ളാർമല സ്കൂളിലായിരുന്നു. ഇപ്പോൾ ബികോമിന് മുട്ടിൽ ഡബ്യുഎംഒ കോളജിൽ പഠിക്കുന്ന ഷാക്കിറ സഹോദരിയുടെ മകനുമൊത്താണ് വെള്ളാർമല സ്കൂള്‍ കാണാനെത്തിയത്.
ചൂരൽമല ടൗണിൽ പള്ളിക്കടുത്തായാണ് ഷാക്കിറയുടെ വീട്. കണ്ണൂർ പള്ളിയിൽ ഉസ്താദായ ബാപ്പ കുഞ്ഞിമൊയ്തീൻ സംഭവദിവസം വീട്ടിലുണ്ടായിരുന്നില്ല. സഹോദരിമാര്‍ വിവാഹം കഴിഞ്ഞ് പോയതോടെ വീട്ടിൽ ഷാക്കിറയും ഉമ്മ സാബിറയും മാത്രമാണുണ്ടായിരുന്നത്.
‘രാത്രി രണ്ടുമണി വരെ താനും ഉമ്മയും നല്ല ഉറക്കത്തിലായിരുന്നു. ഇതിനിടയിലാണ് ഉരുൾപൊട്ടലുണ്ടായത്. സഹോദരി വിളിച്ചുപറഞ്ഞപ്പോഴാണ് വിവരം അറിയുന്നത്. ഉടൻ സുഹൃത്തുക്കളെയെല്ലാം വിളിച്ചു നോക്കി. പുഴയ്ക്കടുത്തുള്ള സുഹൃത്തിനെ വിളിച്ചപ്പോൾ അച്ഛനും മാമനുമെല്ലാം പോയി എന്ന് പറഞ്ഞുകൊണ്ടുള്ള അവളുടെ കരച്ചിലാണ് കേട്ടത്. വൈദ്യുതി നിലച്ചിരുന്നു. ടൗണിൽ നിന്നെല്ലാം ഭീകരമായ ശബ്ദം. അടുത്ത വീട്ടിലെ ചേച്ചി വിളിച്ച് ഉടൻ മാറാൻ പറഞ്ഞു. ഉമ്മയുടെ കൈയും പിടിച്ച് ഇരുട്ടിലേക്ക് ഇറങ്ങിയപ്പോൾ മുകളിലേക്ക് കയറാൻ ആരൊക്കെയോ വിളിച്ചു പറഞ്ഞു. ചേച്ചിമാരുടെ ഭർത്താക്കാൻമാർ എത്തിയാണ് മേപ്പാടിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയത്. 

അണപൊട്ടിയൊഴുകിയ വെള്ളം ഉപ്പയുടെ പെങ്ങളെയും അവരുടെ മകനെയും മരുമകളെയും മക്കളെയുമെല്ലാം കൊണ്ടുപോയി. അവരെല്ലാം മുണ്ടക്കൈയിലായിരുന്നു താമസം. പ്രിയപ്പെട്ട എത്രയോ സുഹൃത്തുക്കളെയും ഇനിയൊരിക്കലും കാണാൻ കഴിയില്ല’- തേങ്ങലടക്കാനാവാതെ ഷാക്കിറ പറഞ്ഞു. മേപ്പാടിയിലെ വീട്ടിൽ നിന്ന് വീടും വിദ്യാലയവുമെല്ലാം കാണാനാണ് ദുരന്തം നടന്ന് ഒരാഴ്ചയാകുമ്പോള്‍ ഷാക്കിറ ചൂരൽ മലയിലെത്തിയത്. സ്കൂളിന് ചുറ്റും ഷാക്കിറ നടന്നു. തങ്ങൾ കളിച്ചുനടന്ന വഴികളെല്ലാം മരങ്ങളും പാറക്കല്ലുകളുമെല്ലാം കൊണ്ട് മൂടിയിരിക്കുന്നു. പ്രിയപ്പെട്ട അധ്യാപകന്‍ ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ രചന നിർവഹിച്ച വെള്ളരിമലയുടെ താഴ്‌വാരത്തൊരു വിദ്യാലയമുണ്ടേ… എന്ന പാട്ടോർത്തു. എല്ലാമായിരുന്നു അവൾക്കീ വിദ്യാലയം. എല്ലാമായിരുന്നു അവളുടെ സുഹൃത്തുക്കൾ.. ഒരിക്കലും തിരിച്ചു കിട്ടാത്ത കുറേ ഓർമ്മകളുമായി അവൾ തിരിഞ്ഞു നടന്നു. 

Eng­lish Sum­ma­ry: wayanad land­slide ‘This Was My School’
You may also like this video

Exit mobile version