Site iconSite icon Janayugom Online

വയനാട് വായ്പ: കേന്ദ്രത്തിന്‌ കോടതിയുടെ അന്ത്യശാസനം

വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 10നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് അവസാന അവസരമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതിൽ എന്ത് തീരുമാനമെടുത്തുവെന്ന് ഹർജി പരിഗണിച്ചയുടൻ കോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. തീരുമാനമെടുത്തിട്ടില്ലന്നും നാലാഴ്ച കൂടി സമയം വേണമെന്നും കേന്ദ്രം മറുപടി നൽകി. ഇതോടെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. 

സെപ്റ്റംബർ 10നകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കണം. അവസാനമായി ഒരവസരം കൂടി നൽകുകയാണ്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ പറഞ്ഞു. ഓണത്തിന് ശേഷം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ സുന്ദരേശൻ കോടതിയെ അറിയിച്ചു. ദുരിതബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേരീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളിക്കൂടാ എന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചിരുന്നു.
‌കേസ് സെപ്റ്റംബർ 10ലേക്ക് മാറ്റി. 

Exit mobile version