Site iconSite icon Janayugom Online

പച്ചപ്പണിഞ്ഞ് വയനാടൻ നെൽവയലുകൾ

പ്രതീക്ഷിക്കാതെയെത്തിയ ശക്തമായ മഴ കൃഷിക്ക് തിരിച്ചടിയായി മാറിയിരുന്നുവെങ്കിലും ഇന്ന് അതിജീവനത്തിൻ്റെ പാതയിലാണ് കർഷകർ. 6500 ഏക്കർ വയലിലാണ് ജില്ലയിൽ നെല്ല് കൃഷി ചെയ്യുന്നത് ജൂൺ മാസം മുതൽ വിത്തിടാനുള്ള നിലം ഒരുക്കൽ ആരംഭിക്കും, ആഗസ്റ്റ് ആദ്യവാരം ഞാറ് പറിച്ച് നാട്ടി തുടങ്ങും പാലക്കാടൻ മട്ട,കുള്ളൻ തൊണ്ടി, വെളിയൻ, പാൽതൊണ്ടി, വലിച്ചൂരി, ഐ ആർ 20 എന്നീ പരമ്പരാഗത വിത്തിനങ്ങളും കൂടുതൽ വിളവ് ലഭിക്കുന്ന ഹൈബ്രിഡ് ഇനങ്ങളായ ഉമ ‚ആതിര, ജ്യോതി, ജയ എന്നിവയുമാണ് നെൽകൃഷിക്കായി ഉപയോഗിക്കുന്നത്. മുൻ കാലങ്ങളിൽ നിന്നും വിത്യസ്തമായി പ്രാദേശികമായി തൊഴിലാളികളെ കിട്ടാതായതൊടെ അതിഥി തൊഴിലാളികളെയാണ് പാടശേഖരങ്ങളിൽ കൂടുതൽ കാണാൻ കഴിയുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 

നവംബർ പകുതിയോടെ കതിരുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ഡിസംബറിൽ കൊയ്ത്ത് ആരംഭിക്കുകയും ചെയ്യും. ഒരു ഏക്കറിൽ നെൽകൃഷി ചെയ്യുന്നതിന് 30000ത്തിനും 350000 ത്തിനുമിടയിലാണ് ചിലവ് വരുന്നത്. ജില്ലയിൽ പുഞ്ചയും, നഞ്ചയും കൃഷി ചെയ്യുന്ന അപൂർവ്വ പാടശേഖരങ്ങളിലൊന്നാണ് താന്നിക്കൽ പാടശേഖരം. 180 ഏക്കറിൽ പച്ചപ്പണിഞ്ഞ് വ്യാപിച്ച് കിടക്കുന്ന നെൽകൃഷി വേമം പാടത്തിന് ഏറെ മനോഹാരിതയാണ് നൽകുന്നത്. ശക്തമായ മഴയിൽ ഈ പാടശേഖരത്ത് വെള്ളം കയറിയത് പ്രതിസന്ധി സൃഷ്ട്ടിച്ചിരുന്നു ആവശ്യമായ ജലസേചന സൗകര്യങ്ങൾ സർക്കാർ ഒരുക്കി നൽകുന്നതും, സപ്ളൈക്കോ വഴി നെല്ല് ശേഖരിക്കുന്നതുമെല്ലാം കൃഷിക്ക് അനുകൂല സാഹചര്യങ്ങളാണ്.

ഇത്തവണ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും. ജില്ലയിലെ ചില ഭാഗങ്ങളിൽ വനത്തോട് ചേർന്ന് ഏക്കർകണക്കിന് പാടങ്ങൾ പച്ച പുതച്ച് നിൽക്കുന്നത് കാണാനും ദൃശ്യങ്ങൾ പകർത്തുന്നതിനും നിരവധി വിനോദ സഞ്ചാരികളും എത്താറുണ്ട്. വയലുകളുടെ നാടായ വയനാട്ടിൽ നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്ന നെൽകൃഷിയുടെ പ്രതാപം തിരികെ കൊണ്ടുവരാൻ സർക്കാർ തലത്തിൽ നിരവധി പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. വയനാടിൻ്റെ കാർഷിക സംസ്ക്കാരത്തിയും കാർഷിക സമൃദ്ധിയുടെയും നേർ കാഴ്ചകൾ കൂടിയാണ് പച്ച പുതച്ച ഈ പാടശേഖരങ്ങൾ.

Exit mobile version