വയനാട്, ചേലക്കര മണ്ഡലങ്ങളിലെ വോട്ടിങ് പൂര്‍ത്തിയായി. വയനാട്ടില്‍ വോട്ടിങ് ശതമാനം കുത്തനെ കുറഞ്ഞപ്പോള്‍, ചേലക്കരയില്‍ സാമാന്യം ഭേദപ്പെട്ട പോളിങ്ങാണ് നടന്നത്. 64.71 ശതമാനം പേരാണ് വയനാട്ടിൽ വോട്ട് രേഖപ്പെടുത്തിയത്. ചേലക്കരയില്‍ 72 ശതമാനത്തിലേറെ പേര്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മത്സരിച്ചിട്ടും പൊതുതെരഞ്ഞെടുപ്പിനേക്കാള്‍ എട്ട് ശതമാനത്തോളം വോട്ടിന്റെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 72.92 ആയിരുന്നു പോളിങ്. ഒറ്റപ്പെട്ട ചില ബൂത്തുകളിൽ രാത്രി വൈകിയും വോട്ടർമാർ ക്യൂവിലുണ്ടായിരുന്നു. ഇതിനാൽ അന്തിമ ശതമാനം വരുമ്പോൾ നേരിയ വർധനവുണ്ടാകുമെങ്കിലും ആറുമാസം മുമ്പത്തെ വോട്ടിങ് ശതമാനം മറികടക്കില്ല.
പ്രിയങ്കാ ഗാന്ധിക്കുവേണ്ടി ദേശീയ‑സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെയെത്തിയിട്ടും വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് ആകര്‍ഷിക്കാനായില്ലെന്ന ആശങ്ക യുഡിഎഫിലുണ്ട്. 14,71,742 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 9,52,448 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഇന്നലെ രാത്രി വരെയുള്ള കണക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14,62,423 വോട്ടർമാരിൽ 10,66,483 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണ 77.43 ശതമാനമായിരുന്നു ചേലക്കര നിയോജക മണ്ഡലത്തിലെ പോളിങ്. ഇത്തവണ അത് 72.77 ആയി കുറഞ്ഞു.