Site iconSite icon Janayugom Online

വയനാട് പുനരധിവാസം കേന്ദ്രം കയ്യൊഴിഞ്ഞു

**EDS: SCREENSHOT VIA PTI VIDEOS** Wayanad: Rescue operation underway after landslides in the hilly areas near Meppadi, in Wayanad district, Kerala, Tuesday, July 30, 2024. At least 23 people were killed and several are feared trapped, according to officials. (PTI Photo) (PTI07_30_2024_000098B)

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രസർക്കാർ. ഇതിനായി സംസ്ഥാനം പൂർണമായും കേന്ദ്രഫണ്ടിനെ ആശ്രയിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് കേന്ദ്രഫണ്ടിനായി സംസ്ഥാന സർക്കാർ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ 70 ശതമാനം ചെലവഴിച്ചശേഷം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. എസ്ഡിആർഎഫിൽ ലഭ്യമായ 120 കോടി രൂപ എങ്ങനെ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നുവെന്നതിന്റെ വിശദാംശങ്ങൾ നൽകുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. 

സ്കൂളുകൾ, പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള പുനർനിർമ്മാണത്തിനും പുനരധിവാസത്തിനുമാകും ഈ തുക ഉപയോഗിക്കുകയെന്ന് അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ ഓഡിറ്റ് ഉണ്ടായിരിക്കണമെന്ന് കോടതി നിർദേശിച്ചു. കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് അമിക്കസ് ക്യൂറി രഞ്ജിത്ത് തമ്പാൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പുനരധിവാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം പണം കണ്ടെത്തണമെന്നും കേന്ദ്രം ചട്ടപ്രകാരം എന്തു ചെയ്യാൻ കഴിയുമെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. 

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ മറ്റൊരു പ്രശ്നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിൽ കേന്ദ്രം തീരുമാനമെടുക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ധനകാര്യ മന്ത്രാലയത്തിന് എല്ലാ ബാങ്കുകളെയും വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. ആത്യന്തികമായി വായ്പ എഴുതിത്തള്ളുന്നത് അവരാണ്. ബാങ്കുകൾക്കും നഷ്ടത്തിലേക്ക് പോകാൻ കഴിയില്ല. കോവിഡ് കാലത്ത് പോലും മൊറട്ടോറിയം മാത്രമേ നൽകിയിരുന്നുള്ളൂ, വായ്പ എഴുതിത്തള്ളൽ ഉണ്ടായിരുന്നില്ല എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. 

Exit mobile version