Site iconSite icon Janayugom Online

വയനാട് പുനരധിവാസം: കോടതിയിൽ അയഞ്ഞ്‌ കേന്ദ്രം

വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി അംഗീകരിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് വിവിധതരം ധനസഹായത്തിന് അര്‍ഹത ലഭിക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വയനാടിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക മാനദണ്ഡങ്ങള്‍ കണക്കാക്കാതെ കേരളത്തിന് വിനിയോഗിക്കാമെന്നും കേന്ദ്രത്തിനു വേണ്ടി അഡീഷനല്‍ സോളിസ്റ്റര്‍ ജനറല്‍ സുന്ദരേശന്‍ അറിയിച്ചു. 

എസ്ഡിആര്‍എഫിലെ 120 കോടി രൂപ ഉടന്‍ ചെലവഴിക്കുന്നതിനു കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമല്ലാതെ തന്നെ വയനാട്ടില്‍ സര്‍ക്കാരിനു തുക ചെലവഴിക്കാം. എസ്ഡിആര്‍എഫിലെ കൂടുതല്‍ പണം ചെലവഴിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച കത്ത് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വയനാട് പുനരധിവാസത്തിന് എസ്ഡിആര്‍എഫിലെ ബാക്കി തുക ചെലവഴിക്കാന്‍ അനുവദിക്കുമോയെന്ന് കഴിഞ്ഞതവണ കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചിരുന്നു. 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രണ്ടു ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജികള്‍ അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.

Exit mobile version