വയനാട്ടിലെ റോബസ്റ്റ കാപ്പിക്ക് ദേശീയ അംഗീകാരം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ ‘വൺ ഡിസ്ട്രിക്ട് വൺ പ്രൊഡക്റ്റ്’ പദ്ധതിയിലാണ് വയനാടൻ കാപ്പിക്ക് പ്രത്യേക പരാമർശം ലഭിച്ചത്. കൃഷി-എ വിഭാഗത്തിലാണ് റോബസ്റ്റ കാപ്പി അംഗീകരിക്കപ്പെട്ടത്.
രാജ്യാന്തര വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചിക പദവി ലഭിച്ചിട്ടുണ്ട്. റോബസ്റ്റ കാപ്പി ചെടിയില്ലാത്ത വീടുകൾ വയനാട് ജില്ലയിൽ വിരളമാണ്. പൊതുവെ കടുപ്പം കൂടിയ കാപ്പിയിനമാണ് റോബസ്റ്റ. അത് കൊണ്ട് തന്നെ മണവും രുചിയും കൂടുതലുള്ള അറബിക്കയുമായി ബ്ലെൻഡ് ചെയ്താണ് കാപ്പി ഉപയോഗിക്കുന്നത്. കൃത്യമായ അളവിലെ ബ്ലെൻഡിങ് രുചിയിലും മണത്തിലും കടുപ്പത്തിലും റോബസ്റ്റ കോഫിയെ അനന്യമാക്കുന്നു.
ഇറ്റലി, ബെൽജിയം, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ റോബസ്റ്റ കോഫി ഏറെ പ്രിയപ്പെട്ടതാണ്.
നെസ‌് കഫേ പോലുള്ള ബ്രാൻഡഡ് കോഫികൾ ബ്ലെൻഡ് ചെയ്യാൻ ഉപയോഗിക്കുന്നതും വയനാടൻ റോബസ്റ്റയാണ്. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന 70% കാപ്പിയും കൃഷി ചെയ്യുന്നത് വയനാട്ടിലാണ്. 6,000 പേരാണ് കാപ്പി കൃഷി കർഷകരായി ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ 95% ചെറുകിട കർഷകരാണ്. രോഗപ്രതിരോധ ശേഷിയും വയനാടൻ മണ്ണിന് യോജിച്ചതുമായ പെരിഡിനിയ റോബസ്റ്റ, അറബിക്ക എന്നീ കാപ്പിയിനങ്ങളാണ് നൂറുമേനി വിളയുന്നത്.

