വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാടകവീടുകളിലേക്ക് മാറുന്നതിനായി വാടക ഇനത്തില്‍ തുക അനുവദിച്ച് ഉത്തരവായി. ഒരു കുടുംബത്തിന് പ്രതിമാസം 6,000 രൂപ വരെയാണ് നല്‍കുക. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇതേതുക വാടകയിനത്തില്‍ അനുവദിക്കും.
സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ പൊതുഉടമസ്ഥതയിലോ സ്വകാര്യവ്യക്തികള്‍ സൗജന്യമായി വിട്ടുനല്‍കുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക അനുവദിക്കില്ല. സ്പോണ്‍സര്‍ഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും പ്രതിമാസ വാടക ലഭിക്കില്ല. എന്നാല്‍ ഭാഗികമായി സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന കേസുകളില്‍ ശേഷിക്കുന്ന തുക പരമാവധി 6,000 രൂപ വരെ പ്രതിമാസം അനുവദിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
അതിനിടെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ ഇന്നും കനത്ത മഴയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണി മുതൽ ചൂരൽമല, മുണ്ടക്കൈ, അട്ടമല, പുഞ്ചിരിമട്ടം, പുത്തുമല മേഖലകളിലുണ്ടായ അതിതീവ്ര മഴ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. പുന്നപ്പുഴ കരകവിഞ്ഞൊഴുകി. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിന് മുമ്പ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച താല്‍ക്കാലിക പാലം പുന്നപ്പുഴയിലെ കുത്തൊഴുക്കിൽ തകർന്നു. കുത്തിയൊലിച്ചെത്തിയ ജലപ്രവാഹത്തിൽ പെട്ടുപോയ പശുവിനെ അഗ്നിശമനവിഭാഗം ഏറെ പണിപ്പെട്ട് കരയ്ക്കെത്തിച്ചു.
മണ്ണിടിച്ചിലുണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പുത്തുമലയിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. ബന്ധുവീടുകളിലേക്കോ ക്യാമ്പിലേക്കോ മാറാനാണ് നിർദേശം. ദുരന്തം സംഭവിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മഴയും ജലപ്രവാഹവുമാണ് ഇന്നുണ്ടായത്. വിവിധ സേനാവിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും സംയുക്തമായി ആറ് മേഖലകള്‍ തിരിച്ചായിരുന്നു ഇന്നും പരിശോധന നടത്തിയത്.
നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. ആശുപത്രിയിലെത്തിച്ച ശരീരഭാഗങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. എൻഡി ആർഎഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പൊലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും തിരച്ചിലിൽ പങ്കെടുത്തു. 206 ശരീരഭാഗങ്ങളടക്കം 437 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ദുരന്തത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ദുരന്തമേഖലകളിൽ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചൂരൽമലയിലെത്തി പരിശോധന തുടങ്ങിയത്. ഈമാസം 15വരെ പരിശോധന നടത്തിയ ശേഷം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
വയനാടിനായി ഇതുവരെ 140 കോടി
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന നാടിനെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ ഒഴുകുന്നു. ഇതുവരെ ലഭിച്ച തുക 140 കോടി കവിഞ്ഞു. 140,90,40,323 രൂപയാണ് ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ലഭിച്ചത്. ഇന്നലെയും നിരവധി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സംഭാവനകളും സഹായങ്ങളും നല്‍കി. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ 50,000 രൂപയും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ 1,00,000 രൂപയും നല്‍കി.
ഐടിസി റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ് രണ്ട് കോടി രൂപയും കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ഒരു കോടി രൂപയും തൃശൂർ കോർപറേഷൻ 50 ലക്ഷം രൂപയും സംഭാവന നല്‍കി. എല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ശമ്പളത്തിൽ നിന്ന് ചുരുങ്ങിയത് പത്ത് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ചുരുങ്ങിയത് 10 ദിവസത്തെ ശമ്പളം നൽകുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കൂടുതൽ തുക ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മാത്രം 10 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.
English Summary:Wayanad Tragedy; 6,000 rent for rehabilitation
You may also like this video