Site iconSite icon Janayugom Online

വയനാട് ദുരന്തം: വാർത്തകൾ വസ്തുതാ വിരുദ്ധം

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് ഇത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി സമർപ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരുപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചരണമാണ് നടക്കുന്നത്. തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Exit mobile version